ഇംഗ്ലണ്ടിനെതിരെ പാക് ഓപ്പണര്‍ ഷാന്‍ മസൂദിന് സെഞ്ചുറി; റെക്കോര്‍ഡ്

By Web TeamFirst Published Aug 6, 2020, 7:17 PM IST
Highlights

251 പന്തില്‍ സെഞ്ചുറിയിലെത്തിയ മസൂദ് 1996ല്‍ സയ്യിദ് അന്‍വറിനുശേഷം ഇംഗ്ലണ്ടില്‍ സെഞ്ചുറി നേടുന്ന ആദ്യ പാക് ഓപ്പണറെന്ന റെക്കോര്‍ഡും സ്വന്തമാക്കി.

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക് ഓപ്പണര്‍ ഷാന്‍ മസൂദിന് സെഞ്ചുറി. ടെസ്റ്റില്‍ മസൂദിന്റെ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയാണിത്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കക്കും ബംഗ്ലാദേശിനുമെതിരായ ടെസ്റ്റുകളിലും മസൂദ് സെഞ്ചുറി നേടിയിരുന്നു.

ടെസ്റ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ചുറികള്‍ നേടുന്ന ഏഴാമത്തെ പാക് ബാറ്റ്സ്മാനും രണ്ടാമത്തെ പാക് ഓപ്പണറുമാണ് മസൂദ്. സഹീര്‍ അബ്ബാസ്, മുദാസര്‍ നാസര്‍, മൊഹമ്മദ് യൂസഫ്, യൂനിസ് ഖാന്‍, മിസ്‌ബാ ഉള്‍ ഹഖ് എന്നിവരാണ് മസൂദിന് മുമ്പ് ടെസ്റ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ചുറികള്‍ നേടിയ പാക് ബാറ്റ്സ്മാന്‍മാര്‍. മുദാസര്‍ നാസര്‍ ആണ് മസൂദിന് മുമ്പ് ഈ നേട്ടം കൈവരിച്ച ഏക പാക് ഓപ്പണര്‍.

251 പന്തില്‍ സെഞ്ചുറിയിലെത്തിയ മസൂദ് 1996ല്‍ സയ്യിദ് അന്‍വറിനുശേഷം ഇംഗ്ലണ്ടില്‍ സെഞ്ചുറി നേടുന്ന ആദ്യ പാക് ഓപ്പണറെന്ന റെക്കോര്‍ഡും സ്വന്തമാക്കി. രണ്ടാം ദിനം തുടക്കത്തിലെ ബാബര്‍ അസമിനെയും(69), ആസാദ് ഷഫീഖിനെയും(7) നഷ്ടമായ പാക്കിസ്ഥാനെ മസൂദും ഷദാബ് ഖാനും ചേര്‍ന്ന് 250 കടത്തി. രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാക്കിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തിട്ടുണ്ട്. 110 റണ്‍സുമായി ഷാന്‍ മസൂദും 39 റണ്‍സുമായി ഷദാബ് ഖാനും ക്രീസില്‍.

click me!