രക്ഷകരായി ഓലി പോപ്പും ബട്‌ലറും; വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക്

By Web TeamFirst Published Jul 24, 2020, 10:52 PM IST
Highlights

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ടാണ് വിന്‍ഡീസ് തുടങ്ങിയത്. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരനായ ഡൊമനിക് സിബ്ലിയെ അക്കൗണ്ട് തുറക്കും മുമ്പെ കെമര്‍ റോച്ച് വിക്കറ്റിന് മുന്നില്‍ കുടുക്കി

മാഞ്ചസ്റ്റര്‍: ഓലി പോപ്പിന്റെയും ജോസ് ബട്‌ലറുടയെും റോറി ബേണ്‍സിന്റെയും അര്‍ധ സെഞ്ചുറികളുടെ മികിവില്‍ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തിട്ടുണ്ട്. 91 റണ്‍സുമായി ഓലി പോപ്പും  56 റണ്‍സോടെ ജോസ് ബട്‌ലറും ക്രീസില്‍.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ടാണ് വിന്‍ഡീസ് തുടങ്ങിയത്. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരനായ ഡൊമനിക് സിബ്ലിയെ അക്കൗണ്ട് തുറക്കും മുമ്പെ കെമര്‍ റോച്ച് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീടെത്തിയ ക്യാപ്റ്റന്‍ ജോ റൂട്ടും റോറി ബേണ്‍സും ചേര്‍ന്ന് ഇംഗ്ലീഷ് ഇന്നിംഗ്സ് കരകയറ്റുന്നതിനിടെയാണ് റൂട്ട് ഇല്ലാത്ത സിംഗിളിനോടി റോസ്റ്റണ്‍ ചേസിന്റെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായത്. റോറി ബേണ്‍സിന് കൂട്ടായി ബെന്‍ സ്റ്റോക്സ് എത്തിയതോടെ ഇംഗ്ലണ്ടിന് പ്രതീക്ഷയായി.

എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോ സ്റ്റോക്സിനെ(20) റോച്ച് ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ ഇംഗ്ലണ്ട് ഞെട്ടി. 92 റണ്‍സായിരുന്നു അപ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍. അധികം വൈകാതെ അര്‍ധസെഞ്ചുറി നേടിയ റോറി ബേണ്‍സിനെ(57) റോസ്റ്റണ്‍ ചേസും മടക്കിയതോടെ ഇംഗ്ലണ്ട് ബാറ്റിംഗ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്ന് കരുതിയെങ്കിലും ജോസ് ബട്‌ലറെ കൂട്ടുപിടിച്ച് പോപ്പ് ഇംഗ്ലണ്ടിനെ കരകയറ്റി.

വിന്‍ഡീസിനായി കെമര്‍ റോച്ച് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ചേസ് ഒരു വിക്കറ്റെടുത്തു. പരമ്പരയിലെ ആദ്യ ടെസ്റ്റ് വിന്‍ഡീസ് ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് ജയിച്ച് ഇംഗ്ലണ്ട് ഒപ്പമെത്തിയിരുന്നു.

click me!