ഇംഗ്ലണ്ടിനെതിരെ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ വിന്‍ഡീസ് പൊരുതുന്നു

By Web TeamFirst Published Jul 25, 2020, 11:07 PM IST
Highlights

ഇംഗ്ലണ്ടിനെ വമ്പന്‍ സ്കോര്‍ നേടുന്നതില്‍ നിന്ന് തടയുന്നതില്‍ വിജയിച്ച വിന്‍ഡീസിന് പക്ഷെ ആശിച്ച തുടക്കമല്ല ലഭിച്ചത്. സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്ണെത്തിയപ്പോഴെ ഓപ്പണര്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിനെ(1) സ്റ്റുവര്‍ട്ട് ബ്രോഡ് മടക്കി.

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് പൊരുതുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 369 റണ്‍സിന് മറുപടിയായി രണ്ടാം ദിനം വെളിച്ചക്കുറവുമൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെന് നിലയില്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. 24 റണ്‍സുമായി ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും 10 റണ്‍സോടെ ഷെയ്ന്‍ ഡൗറിച്ചും ക്രീസില്‍. നാല് വിക്കറ്റ് മാത്രം ശേഷിക്കെ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ വിന്‍ഡീസിന് ഇനിയും 32 റണ്‍സ് കൂടി വേണം.

ഇംഗ്ലണ്ടിനെ വമ്പന്‍ സ്കോര്‍ നേടുന്നതില്‍ നിന്ന് തടയുന്നതില്‍ വിജയിച്ച വിന്‍ഡീസിന് പക്ഷെ ആശിച്ച തുടക്കമല്ല ലഭിച്ചത്. സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്ണെത്തിയപ്പോഴെ ഓപ്പണര്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിനെ(1) സ്റ്റുവര്‍ട്ട് ബ്രോഡ് മടക്കി. ജോണ്‍ കാംപ്‌ബെല്ലും(32) ഷായ് ഹോപ്പും(17) ചേര്‍ന്ന് വിന്‍ഡീസിന് പ്രതീക്ഷ നല്‍കിയെങ്കിലും ആര്‍ച്ചര്‍ കാംപ്‌ബെല്ലിനെയും ആന്‍ഡേഴ്സണ്‍ ഹോപ്പിനെയും മടക്കിയതോടെ വിന്‍ഡീസ് തകര്‍ച്ചയിലായി. ഷമ്ര ബ്രൂക്സിനെ(4) കൂടി മടക്കി ആന്‍ഡേഴ്സണ്‍ ഇരട്ട പ്രഹരമേല്‍പ്പിച്ചപ്പോള്‍ റോസ്റ്റണ്‍ ചേസിനെ(9) വീഴത്തി ബ്രോഡ് വിന്‍ഡീസിനെ 73/5 ലേക്ക് തള്ളിയിട്ടു.



ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡും ഹോള്‍ഡറും ചേര്‍ന്നും വിന്‍ഡീസ് തകര്‍ച്ചയെ പിടിച്ചു നിര്‍ത്തുമെന്ന് കരുതിയിരിക്കെ ബ്ലാക്‌വുഡിനെ(26) വീഴ്ത്തി ക്രിസ് വോക്സും വിക്കറ്റ് വേട്ടയില്‍ പങ്കാളിയായി എത്തി. പിന്നീട് ഡൗറിച്ചിനെ കൂട്ടുപിടിച്ച് ഹോള്‍ഡര്‍ വിന്‍ഡീസിനെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 137 റണ്‍സിലെത്തിച്ചു.  ഇംഗ്ലണ്ടിനായി ബ്രോഡും ആന്‍ഡേഴ്സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആര്‍ച്ചറും വോക്സും ഓരോ വിക്കറ്റെടുത്തു. നേരിയ പരിക്കുള്ള ബെന്‍ സ്റ്റോക്സ് ബൗള്‍ ചെയ്തില്ല.

നേരത്തെ രണ്ടാം ദിനം തുടക്കത്തില്‍ അവിശ്വസനീയമായി തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ടിനെ  സ്റ്റുവര്‍ട്ട് ബ്രോഡിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് കരകയറ്റിയത്. നാലു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് 280/8 ലേക്ക് കൂപ്പുകുത്തിയെങ്കിലും ബ്രോഡിന്റെ വീരോചിത പ്രകടനത്തിനറെ കരുത്തില്‍ 369 റണ്‍സെടുത്തു,

45 പന്തില്‍ ഒമ്പത് ബൗണ്ടറിയും ഒരു സിക്സറും പറത്തി 62 റണ്‍സെടുത്ത ബ്രോഡും 18 റണ്‍സുമായി പുറത്താകാതെ നിന്ന ഡൊമനിക്ക് ബെസ്സും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ 76 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഇതില്‍ 62 റണ്‍സും ബ്രോഡിന്റെ ബാറ്റില്‍ നിന്നായിരുന്നു. പതിനൊന്നാമനായി ക്രീസിലെത്തിയ ആന്‍ഡേഴ്സണും 11 റണ്‍സുമായി മികവ് കാട്ടയതോടെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ 350 കടന്നു.

രണ്ടാം ദിനം തുടക്കതത്തിലെ ഓലി പോപ്പിനെ തലേന്നത്തെ സ്കോറില്‍(91) വീഴ്ത്തിയ ഷാനണ്‍ ഗബ്രിയേലാണ് വിന്‍ഡീസിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. അഞ്ചാം വിക്കറ്റില്‍ ഓലി പോപ്പ്-ജോസ് ബട്‌ലര്‍ സഖ്യം 140 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. അധികം വൈകാതെ ബട്‌ലറെ(67) ഗബ്രിയേല്‍ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറുടെ കൈകകളിലെത്തിച്ചു. ക്രിസ് വോക്സിനെയും(1), ജോഫ്ര ആര്‍ച്ചറെയും(3) കെമര്‍ റോച്ച് മടക്കിയതോടെ ഇംഗ്ലണ്ട് 300 കടക്കില്ലെന്ന് കരുതി. എന്നാല്‍ ഇതിനുശേഷമായിരുന്നു ബ്രോഡിന്റെ വെടിക്കെട്ട് പ്രകടനം. വിന്‍ഡീസിനായി റോച്ച് നാലും ഗബ്രിയേല്‍, റോസ്റ്റണ്‍ ചേസ് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തി.

click me!