മുപ്പത്തിയേഴിലും മാറ്റ് കെടാതെ ആന്‍ഡേഴ്‌സണ്‍; വിന്‍ഡീസിനെതിരെ റെക്കോര്‍ഡ്

By Web TeamFirst Published Jul 25, 2020, 10:58 PM IST
Highlights

ഓള്‍ഡ് ട്രഫോര്‍ഡിലെ മൂന്നാം ടെസ്റ്റിന്‍റെ രണ്ടാംദിനം ഷായ് ഹോപിനെയും ഷമര്‍ ബ്രൂക്‌സിനെയും പുറത്താക്കിയാണ് ആന്‍ഡേഴ്‌സണ്‍ നേട്ടത്തിലെത്തിയത്

മാഞ്ചസ്റ്റര്‍: ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇംഗ്ലീഷ് ബൗളറെന്ന നേട്ടം സ്വന്തമാക്കി പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍. ഓള്‍ഡ് ട്രഫോര്‍ഡിലെ മൂന്നാം ടെസ്റ്റിന്‍റെ രണ്ടാംദിനം ഷായ് ഹോപിനെയും ഷമര്‍ ബ്രൂക്‌സിനെയും പുറത്താക്കിയാണ് ആന്‍ഡേഴ്‌സണ്‍ നേട്ടത്തിലെത്തിയത്. ഇതോടെ ടെസ്റ്റ് കരിയറില്‍ വിന്‍ഡീസിനെതിരെ ജിമ്മിക്ക് 87 വിക്കറ്റായി. 86 പേരെ പുറത്താക്കിയ മുന്‍താരം ഫ്രഡ് ട്രൂമാനെയാണ് മറികടന്നത്.

അതേസമയം ടെസ്റ്റ് ചരിത്രത്തില്‍ വിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളില്‍ മൂന്നാം സ്ഥാനമാണ് മുപ്പത്തിയേഴുകാരനായ ആന്‍ഡേഴ്‌സണ്. ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്(110), ഇന്ത്യന്‍ സ്‌പിന്‍ വിസ്‌മയം അനില്‍ കുംബ്ലെ എന്നിവരാണ് ആദ്യ സ്ഥാനങ്ങളില്‍. 

വിന്‍ഡീസ് ഇന്നിംഗ്‌സിന്‍റെ 24, 26 ഓവറുകളില്‍ ഹോപിനെയും ബ്രൂക്ക്‌സിനെയും ജിമ്മിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ പിടിച്ചുപുറത്താക്കുകയായിരുന്നു. ഹോപ് 17 ഉം ബ്രൂക്‌സ് നാല് റണ്‍സും മാത്രമാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ തുടക്കം പാളിയ വിന്‍ഡീസ് ആറ് വിക്കറ്റിന് 137 എന്ന നിലയിലാണ്. നായകന്‍ ജേസണ്‍ ഹോള്‍ഡറും(24*), വിക്കറ്റ് കീപ്പര്‍ ഷെയ്ന്‍ ഡൗറിച്ചുമാണ്(10*) ക്രീസില്‍. ആന്‍ഡേഴ്‌സണിന് പുറമെ സ്റ്റുവര്‍ട്ട് ബ്രോഡും രണ്ട് വിക്കറ്റ് നേടി. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 369 റണ്‍സില്‍ പുറത്തായിരുന്നു.  

ബാറ്റുകൊണ്ടൊരു മിന്നല്‍; ടെസ്റ്റ് വെടിക്കെട്ടുമായി റെക്കോര്‍ഡിട്ട് ബ്രോഡ്

തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ടിനെ കരകയറ്റി ബ്രോഡിന്റെ വെടിക്കെട്ട് ബാറ്റിംഗ്; വിന്‍ഡീസിനെതിരെ ഇംഗ്ലണ്ട് 369ന് പുറത്ത്
 

click me!