
വിശാഖപട്ടണം: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 399 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയാണ് ഇംഗ്ലണ്ട്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലാണ്. ഒമ്പത് വിക്കറ്റും രണ്ട് ദിവസവും ബാക്കിയിരിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 332 റണ്‍സ് കൂടി വേണം. 29 റണ്‍സുമായി സാക് ക്രോളിയും ഒമ്പത് റണ്ണോടെ റെഹാന്‍ അഹമ്മദുമാണ് ക്രീസില്‍.
എന്നാല്‍ ഇന്ത്യ 600 റണ്‍സ് ലക്ഷ്യം മുന്നോട്ടുവെച്ചാലും ഇംഗ്ലണ്ട് പിന്തുടര്‍ന്ന് ജയിക്കുമെന്ന് മൂന്നാം ദിനത്തിലെ കളിക്കുശേഷം ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ പറഞ്ഞു. ബര്‍മിംഗ്ഹാമില്‍ ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സ് വിജയലക്ഷ്യം ഞങ്ങള്‍ പിന്തുടര്‍ന്ന് ജയിച്ചിട്ടുണ്ട്. മൂന്നാം ദിനത്തിലെ കളിക്കുശേഷം കോച്ച് ബ്രെണ്ടന്‍ മക്കല്ലം പറഞ്ഞത്, ഇന്ത്യ 600 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവെക്കുന്നതെങ്കിലും നമ്മളത് അടിച്ചെടുക്കാന്‍ ശ്രമിക്കുമെന്നാണ്. ആ വാക്കുകളിലെ സന്ദേശം വളരെ വ്യക്തമാണ്. ഞങ്ങള്‍ വിജയലക്ഷ്യം അടിച്ചെടുക്കാന്‍ തന്നെയാണ് ശ്രമിക്കുന്നത്.
ബാസ്ബോള്‍ കളിച്ചാല്‍ ഇംഗ്ലണ്ട് അടിച്ചെടുക്കും, ഇന്ത്യക്ക് മുന്നറിയിപ്പുമായി പാര്‍ഥിവ് പട്ടേല്‍
180 ഓവറുകള്‍ മത്സരത്തില്‍ ബാക്കിയുണ്ടെങ്കിലും 60-70 ഓവറില്‍ മത്സരം തീര്‍ക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതാണ് ഞങ്ങളുടെ രീതി. മൂന്നാം ദിനം അവസാന സെഷനില്‍ നൈറ്റ് വാച്ച്മാനായി എത്തിയ റെഹാന്‍ അഹമ്മദ് തന്നെ രണ്ട് ബൗണ്ടറികളോടെ തന്‍റെ നിലപാട് വ്യക്തമാക്കിയത് കണ്ടതാണ്. അത് തന്നെയാണ് ഞങ്ങളുടെ സമീപനം. അതില്‍ ജയിച്ചോ തോറ്റോ എന്നത് വിഷയമല്ല, കഴിഞ്ഞ രണ്ടു വര്‍ഷമായി ഞങ്ങള്‍ പിന്തുടരുന്ന സമീപനം തന്നെയായിരിക്കും ഇന്ന് നാലാം ദിനവും പിന്തുടരുക.
ഇന്നലെ ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ എത്ര വിജയലക്ഷ്യം മുന്നോട്ട് വെക്കണമെന്ന കാര്യത്തില്‍ ഇന്ത്യക്ക് വലിയ ഉറപ്പുണ്ടായിരുന്നില്ല.അതു തന്നെയാണ് ഞങ്ങളുടെ സമീപനത്തിന്‍റെ ശക്തിയും. വിക്കറ്റ് ഇപ്പോഴും മികച്ചതാണ്. ചില പന്തുകള്‍ മാത്രം താഴ്ന്നു വരുന്നുവെന്നേയുള്ളു. ഇന്നലെ ശുഭ്മാന്‍ ഗില്ലിന്‍റേത് മികച്ച പ്രകടനമായിരുന്നുവെന്നും പിടിച്ചു നില്‍ക്കുന്നവര്‍ക്ക് റണ്‍സടിക്കാനാവുമെന്നതിന്‍റെ തെളിവാണിതെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!