ഇംഗ്ലണ്ടിനെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോണ്ടി പനേസര്‍

By Web TeamFirst Published May 25, 2019, 7:23 PM IST
Highlights

ഇംഗ്ലണ്ട് ടീമിലെത്തിയപ്പോള്‍ മുതല്‍ പേസ് ബൗളര്‍മാര്‍ക്ക് റിവേഴ്സ് സ്വിംഗ് ലഭിക്കാനായി പന്തൊരുക്കുക എന്നത് തന്റെ ചുമതലയായിരുന്നുവെന്നും പനേസര്‍ പറയുന്നു.

ലണ്ടന്‍: ഏകദിന ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇംഗ്ലീഷ് ക്രിക്കറ്റിനെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസറുടെ പുസ്തകം. ഇംഗ്ലണ്ടിനായി കളിക്കുമ്പോള്‍ പലപ്പോഴും റിവേഴ്സ് സ്വിംഗ് കിട്ടാനായി പന്തില്‍ കൃത്രിമത്വം കാട്ടിയിട്ടുണ്ടെന്നാണ് 'The Full Monty'എന്ന പുസ്തകത്തില്‍ മോണ്ടി പനേസര്‍ തുറന്നെഴുതുന്നത്. ഇംഗ്ലണ്ടിനായി 2006 മുതല്‍ 2013 വരെ അമ്പതോളം ടെസ്റ്റുകളില്‍ പനേസര്‍ കളിച്ചിട്ടുണ്ട്.

ഇംഗ്ലണ്ട് ടീമിലായിരിക്കുമ്പോള്‍ പന്ത് കൈകാര്യം ചെയ്യുന്നതിന്റെ പ്രധാന ചുമതല തനിക്കായിരുന്നുവെന്ന് പനേസര്‍ പറയുന്നു. ഇംഗ്ലീഷ് പേസ് ബൗളറായ ജെയിംസ് ആന്‍ഡേഴ്സന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് റിവേഴ്സ് സ്വിംഗ് കിട്ടാനായി പലപ്പോഴും പന്തില്‍ സണ്‍ ക്രീമും, മിന്റും, തുപ്പലും പുരട്ടാറുണ്ടെന്നും പലപ്പോഴും പാന്റസിന്റെ സിബ്ബ് വരെ പന്ത് ചുരണ്ടാനായി ഉപയോഗിക്കാറുണ്ടെന്നും പനേസര്‍ പുസ്തകത്തില്‍ എഴുതുന്നു. പന്തില്‍ മിന്റും സണ്‍ ക്രീമും തുപ്പല്‍ ചേര്‍ത്ത് ഉരച്ചാല്‍ റിവേഴ്സ് സ്വിംഗ് കിട്ടുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.

ഇംഗ്ലണ്ട് ടീമിലെത്തിയപ്പോള്‍ മുതല്‍ പേസ് ബൗളര്‍മാര്‍ക്ക് റിവേഴ്സ് സ്വിംഗ് ലഭിക്കാനായി പന്തൊരുക്കുക എന്നത് തന്റെ ചുമതലയായിരുന്നുവെന്നും പനേസര്‍ പറയുന്നു. ജേഴ്സിയില്‍ പന്ത് ഉരച്ച് ഒരുവശത്തിന് തിളക്കം കൂട്ടുന്നതില്‍ തെറ്റില്ലെങ്കിലും കൃത്രിമ പദാര്‍ഥങ്ങളോ വസ്തുക്കളോ ഉപയോഗിച്ച് പന്തില്‍ ഉരക്കരുതെന്നാണ് നിയമം. എന്നാല്‍  ഇവിടെ തങ്ങള്‍ നിയമം ചെറുതായി ലംഘിച്ചുവെന്ന് പനേസര്‍ പറഞ്ഞു.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷം വിലക്ക് നേരിട്ട ഓസ്ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും അടുത്തിടെയാണ് രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട വാര്‍ണറെ ഇംഗ്ലീഷ് ആരാധകര്‍ പലപ്പോഴും അധിക്ഷേപിക്കുകയും കൂവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇംഗ്ലീഷ് താരങ്ങളും പന്തില്‍ കൃത്രിമം കാട്ടിയിട്ടുണ്ടെന്ന പനേസറുടെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത് എന്നതാണ് രസകരം.

click me!