
ലഹോർ: പാകിസ്ഥാനെതിരെ ടി 20 പരമ്പരയ്ക്ക് എത്തിയ ന്യൂസിലൻഡ് ടീമിന്റെ നിലവാരത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ പാക് ഓൾറൗണ്ടർ അബ്ദുൾ റസാഖ്. കിവീസ് താരങ്ങളിൽ ചിലർ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിനായി (ഐപിഎൽ) പോയിരിക്കുകയാണ്. ചിലർ പരിക്കേറ്റത് മൂലം പുറത്തായി. ഒരു ക്രിക്കറ്റ് കളിക്കാരന്റെ പ്രഥമ പരിഗണന ദേശീയ ടീമായിരിക്കണമെന്നും താരങ്ങളിൽ ചിലർ എങ്ങനെയാണ് നോ - ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നേടിയതെന്നുള്ളത് ആശ്ചര്യപ്പെടുത്തുന്നുവെന്നും റസാഖ് പറഞ്ഞു.
ന്യൂസിലൻഡ് അവരുടെ ഏറ്റവും മികച്ച ടീമിനെ തന്നെ അയക്കണമായിരുന്നു. ചില താരങ്ങൾ ഐപിഎല്ലിലേക്ക് പോയി. ചിലർക്ക് പരിക്കാണ്. അവർക്ക് ഈ പരമ്പരയിൽ വലിയ താത്പര്യമുണ്ടെന്ന് കരുതുന്നില്ല. ടെസ്റ്റ് പരമ്പരയ്ക്ക് ന്യൂസിലൻഡിന്റെ ഏറ്റവും മികച്ച ടീം തന്നെ ഉണ്ടായിരുന്നു. ചില ആവേശകരമായ മത്സരങ്ങളും നടന്നു. എന്നാൽ, ഇപ്പോൾ സാഹചര്യത്തിനനുസരിച്ച് അവർ ഒരു ടീമിനെ അയച്ചതായാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്ഥാനിൽ അഞ്ച് മത്സരങ്ങൾ അടങ്ങിയ ടി 20 പരമ്പരയാണ് ന്യൂസിലൻഡ് കളിക്കുന്നത്. മെയ് ഏഴ് വരെ നീളുന്ന പരമ്പരയിൽ അഞ്ച് ഏകദിനങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ടി 20 ലോകകപ്പിന് ശേഷമുള്ള ഷഹീൻ അഫ്രീദിയുടെ തിരിച്ചുവരവ് അടക്കം ഏറ്റവും കരുത്തുറ്റ ടീമിനൊണ് പാകിസ്ഥാൻ പ്രഖ്യാപിച്ചിട്ടുള്ളത്.
അഫ്ഗാനിസ്ഥാനെതിരെ ഷാർജയിൽ നടന്ന ടി 20 പരമ്പര നഷ്ടമായതിന് ശേഷം ക്യാപ്റ്റൻ ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഫഖർ സമാൻ, ഹാരിസ് റൗഫ് എന്നിവരും ടീമിൽ തിരിച്ചെത്തി. 2 - 1ന് അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാൻ ഞെട്ടിക്കുന്ന തോൽവിയേറ്റുവാങ്ങിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ പാകിസ്ഥാൻ അവസാന മത്സരത്തിൽ വിജയം നേടിയാണ് നാണക്കേടിൽ നിന്ന് രക്ഷപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!