രണ്ട് ദിനം പൂര്‍ത്തിയാവും മുമ്പ് മത്സരം തീര്‍ന്നു; ആഷസ് പരമ്പരയില്‍, മെല്‍ബണ്‍ പിച്ചിനെതിരെ രൂക്ഷ വിമര്‍ശനം

Published : Dec 27, 2025, 02:59 PM IST
Melbourne Pitch

Synopsis

ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് രണ്ട് ദിനം പൂര്‍ത്തിയാവും മുമ്പ് മെല്‍ബണില്‍ അവസാനിച്ചു. ബൗളര്‍മാരെ അമിതമായി തുണച്ച പിച്ചില്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല.

മെല്‍ബണ്‍: ആഷസ് പരമ്പരയില്‍ ബാറ്റര്‍മാരുടെ കുരുതിക്കളമായി മെല്‍ബണ്‍ പിച്ച്. നാലാം ടെസ്റ്റിന്റെ രണ്ടം ദിനം തന്നെ മത്സരം പൂര്‍ത്തിയായിരുന്നു. ഇംഗ്ലണ്ട് നാല് വിക്കറ്റിന് ജയിക്കുകയാണുണ്ടായത്. ആദ്യ ദിനം 20 വിക്കറ്റാണ് വീണത്. പിന്നാലെ പിച്ചിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍താരങ്ങള്‍ രംഗത്തെത്തി. ഓസ്‌ട്രേലിയ - ഇംഗ്ലണ്ട് നാലാം ടെസ്റ്റ് മെല്‍ബണില്‍ തുടങ്ങും മുമ്പ് ക്യുറേറ്റര്‍ മാറ്റ് പേജ് വാഗ്ദാനം ചെയ്തത് അഞ്ചുദിവസം നീണ്ടു നില്‍ക്കുന്ന പോരാട്ടം. എന്നാല്‍ മൂന്നാം ഓവറിലെ മൂന്നാം പന്ത് മുതല്‍ എല്ലാം തകിടം മറിഞ്ഞു. പേസര്‍മാരുടെ സീം മുവ്‌മെന്റിന് മുന്നില്‍ ഇരുടീമിലെയും ബാറ്റമാര്‍ നിലംപൊത്തി.

ആദ്യം ബാറ്റ് ചെയ്ത ഓസീസിന്റെ ഇന്നിംഗ്‌സില്‍ 152ല്‍ അവസാനിച്ചു. ജോഷ് ടംഗിന് അഞ്ച് വിക്കറ്റ്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ പ്രതിരോധം 110ല്‍ അവസാനിച്ചു. നെസറിന് നാലും ബോളണ്ടിന് മൂന്നും വിക്കറ്റ്. രണ്ടാം ദിനം ഓസീസ് 132ന് പുറത്തായി. പിച്ചിലെ പത്ത് മില്ലീമീറ്റര്‍ നീളമുള്ള പുല്ലില്‍നിന്ന് പന്തുകള്‍ കുതിച്ചത് തീക്കാറ്റായി. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ഇതേ പിച്ചില്‍ ഇന്ത്യയെ തോല്‍പിക്കാന്‍ ഓസീസിന് അഞ്ചാം ദിവസത്തെ അവസാന സെഷന്‍ വരെ പൊരുതേണ്ടി വന്നിരുന്നു.

ക്യൂറേറ്റര്‍ പേജ് പിച്ചില്‍ അന്നത്തേക്കാള്‍ മൂന്ന് മില്ലീമീറ്റര്‍ പുല്ല് നിലനിര്‍ത്തിയതാണ് ബാറ്റര്‍മാരുടെ നിലതെറ്റിച്ചത്. ബൗളര്‍മാരെ മാത്രം പിന്തുണയ്ക്കുന്ന പിച്ചൊരുക്കിയ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്. ഇത്തരം വിക്കറ്റില്‍ ബാറ്റര്‍മാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ഇംഗ്ലണ്ട് മുന്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. 1909ന് ശേഷം ആദ്യമായാണ് ആഷസ് പരമ്പരയുടെ ആദ്യദിനം ഇരുപത് വിക്കറ്റ് വീഴുന്നത്. 116 വര്‍ഷം മുന്‍പ് സമാന സംഭവം നടന്നത് ഇതെ മെല്‍ബണില്‍ എന്നതും കൗതുകം. ഈ പരന്പരയിലെ പെര്‍ത്ത് ടെസ്റ്റിന്റെ ആദ്യ ദിനം 19 വിക്കറ്റ് വീണിരുന്നു.

175 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ദിനം ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍: ഓസ്ട്രേലിയ 152&132, ഇംഗ്ലണ്ട് 110&178/6. നേരത്തെ, ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഓസീസ് പരമ്പര സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ 3-1ന് മുന്നിലാണ് ഓസ്ട്രേലിയ. പരമ്പരയിലെ അവസാന ടെസ്റ്റ് ജനുവരി നാലിന് സിഡ്നിയില്‍ ആരംഭിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടി20 ഏറ്റവും കൂടുതല്‍ വിക്കറ്റ്, റെക്കോഡിനൊപ്പമെത്തി ദീപ്തി ശര്‍മ; അടുത്ത മത്സരത്തില്‍ റെക്കോഡ് സ്വന്തമാക്കാം
ടി20യില്‍ ഏറ്റവും കൂടുതല്‍ ജയം, റെക്കോഡ് ബുക്കില്‍ ഇടം നേടി ഹര്‍മന്‍പ്രീത് കൗര്‍