
മുംബൈ: ബിസിസിഐ കളിക്കാര്‍ക്കുള്ള വാര്‍ഷിക കരാറുകള്‍ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ ശ്രേയസ് അയ്യരെയും ഇഷാന്‍ കിഷനെയും കരാറില്‍ നിന്ന് പുറത്താക്കിയതിനൊപ്പം തന്നെ ആരാധകരെ അത്ഭുതപ്പെടുത്തിയതായിരുന്നു യുവതാരങ്ങളായ സര്‍ഫറാസ് ഖാനും ധ്രുവ് ജുറെലിനും കരാര്‍ കിട്ടാതിരുന്നതും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലാണ് ഇരുവരും അരങ്ങേറിയത്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സര്‍ഫറാസ് രണ്ട് ഇന്നിംഗ്സുകളിലും അര്‍ധസെഞ്ചുറിയുമായി തിളങ്ങിയപ്പോള്‍ കളിച്ച രണ്ടാം മത്സരത്തില്‍ തന്നെ കളിയിലെ താരമായി ധ്രുവ് ജുറെലും വരവറിയിച്ചു.
പക്ഷെ എന്നിട്ടും ഇരുവരെയും ബിസിസിഐ കരാറില്‍ ഉള്‍പ്പെടുത്താത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ടെസ്റ്റ് പരമ്പരയില്‍ തിളങ്ങാത്ത രജത് പാടീദാറിനുപോലും കരാര്‍ ലഭിച്ചിട്ടും പരമ്പരയില്‍ തിളങ്ങിയ സര്‍ഫറാസിനും ജുറെലിനും കരാര്‍ കിട്ടാത്തതായിരുന്നു ആരാധകരെ അമ്പരപ്പിച്ചത്.
എന്നാല്‍ ധരംശാലയില്‍ മാര്‍ച്ച് ഏഴിന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ കളിച്ചാല്‍ ധ്രുവ് ജുറെലിനും സര്‍ഫറാസ് ഖാനും സ്വാഭാവികമായും കരാര്‍ ലഭിക്കുമെന്നാണ് ബിസിസിഐ ഇതിന് നല്‍കുന്ന വിശദീകരണം. ബിസിസിഐ സെന്‍ട്രല്‍ കോണ്‍ട്രാക്ട് ലഭിക്കുന്നതിനുള്ള നിബന്ധനയില്‍ പറയുന്നത്, ദേശീയ ടീമിനായി കുറഞ്ഞത് മൂന്ന് ടെസ്റ്റോ, എട്ട് ഏകദിനമോ, 10 ടി20 മത്സരങ്ങളോ കളിച്ച താരങ്ങൾക്ക് ഓട്ടോമാറ്റിക്കായി സി ഗ്രേഡ് കരാർ ലഭിക്കും. സര്‍ഫറാസും ജുറെലും കരിയറില്‍ ഇതുവരെ രണ്ട് ടെസ്റ്റുകളില്‍ മാത്രമാണ് കളിച്ചിട്ടുള്ളത്.
എന്നാല്‍ നിലവിലെ ഫോമും സാഹചര്യങ്ങളും വെച്ച് നോക്കിയാല്‍ ധരംശാലയില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇരുവരും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്ന കാര്യം ഉറപ്പാണ്. ഇതോടെ സര്‍ഫറാസിനും ജുറെലിനും ബിസിസിഐയുടെ സി ഗ്രേഡ് കരാര്‍ ലഭിക്കും. രണ്ടാം ടെസ്റ്റ് മുതല്‍ ഇന്ത്യക്കായി കളിച്ച രജത് പാടീദാറിന് ഇതുപോലെ സി ഗ്രേഡ് കരാര്‍ ഇന്നലെ ലഭിച്ചിരുന്നു. സി ഗ്രേഡ് കരാര്‍ ലഭിക്കുന്ന താരങ്ങള്‍ക്ക് ഒരു കോടി രൂപയാണ് വാര്‍ഷിക പ്രതിഫലമായി ലഭിക്കുക.
നാല് ഗ്രേഡുകളിലായി തരംതിരിച്ച മുപ്പത് ഇന്ത്യന്‍ താരങ്ങളാണ് പട്ടികയിലുള്ളത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ കൂടാതെ വിരാട് കോലി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നിവര്‍ മാത്രമാണ് എ+ ഗ്രേഡില്‍ ഉള്‍പ്പെട്ട മറ്റുതാരങ്ങള്‍. അതേസമയം, പരുക്കിനെത്തുടര്‍ന്ന് അടുത്തിടെ നിരവധി കളികള്‍ നഷ്ടമായ രാഹുല്‍, മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെ കൂടാതെ ആര്‍ അശ്വിന് എന്നിവരും എ ഗ്രേഡിലാണ്. കൂടെ ഗില്ലും സിറാജും.
സൂര്യകുമാര്‍ യാദവ്, യശസ്വി ജയ്സ്വാള്‍, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ബി ഗ്രേഡിലാണ്. നേരത്തെ, എ ഗ്രേഡിലുണ്ടായിരുന്ന താരമാണ് അക്‌സര്‍. 15 താരങ്ങളാണ് സി ഗ്രേഡിലുള്ളത്. റിങ്കു സിംഗ്, തിലക് വര്‍മ, റുതുരാജ് ഗെയ്കവാദ്, ശാര്‍ദുല്‍ താക്കൂര്‍, ശിവം ദുബെ, രവി ബിഷ്ണോയ്, ജിതേഷ് ശര്‍മ, വാഷിംഗ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിംഗ്, കെഎസ് ഭരത്, പ്രസിദ്ധ് കൃഷ്ണ, അവേഷ് ഖാന്‍, രജത് പടിദാര്‍ എന്നിവര്‍ ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!