ഇന്ത്യന്‍ പര്യടനം: ടെസ്റ്റ് നായകനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക

By Web TeamFirst Published Aug 6, 2019, 8:16 PM IST
Highlights

ലോകകപ്പ് തോല്‍വിക്ക് പിന്നാലെ പരിശീലകന്‍ ഓട്ടിസ് ഗിബ്‌സണെ പുറത്താക്കിയതോടെ ഡുപ്ലസിയുടെയും തൊപ്പി തെറിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. 

ജൊഹന്നസ്‌ബര്‍ഗ്: ഇന്ത്യക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ഫാഫ് ഡുപ്ലസിസ് നായകനാകുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ലോകകപ്പ് തോല്‍വിക്ക് പിന്നാലെ പരിശീലകന്‍ ഓട്ടിസ് ഗിബ്‌സണെ പുറത്താക്കിയപ്പോള്‍ ഇന്ത്യക്കെതിരായ പരമ്പരയില്‍ ഇടക്കാല നായകനെ നിയമിക്കുമെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക അറിയിച്ചിരുന്നു.

ഫാഫ് ഡുപ്ലെസി ഇനി മൂന്ന് ഫോര്‍മാറ്റിലും ദക്ഷിണാഫ്രിക്കയെ നയിക്കില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഫാഫിനെ ടെസ്റ്റ് നായകസ്ഥാനത്ത് തുടരാന്‍ അനുവദിച്ചെങ്കിലും ഇന്ത്യന്‍ പര്യടനത്തിന് ശേഷം മാറ്റമുണ്ടായേക്കും എന്നാണ് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡിന്‍റെ നിലപാട് സൂചിപ്പിക്കുന്നത്. വിശാഖപട്ടണത്ത് ഒക്‌ടോബര്‍ രണ്ടിനാണ് ദക്ഷിണാഫ്രിക്കയുടെ  ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുക. 

എന്നാല്‍ 2023 ലോകകപ്പ് മുന്‍നിര്‍ത്തി പുതിയ മാനേജ്‌മെന്‍റായിരിക്കും പരിമിതഓവര്‍ ക്യാപ്റ്റന്‍മാരെ തീരുമാനിക്കുക. ലോകകപ്പ് തോല്‍വിയെ തുടര്‍ന്ന് അടിമുടി പൊളിച്ചെഴുതുന്ന മാനേജ്‌മെന്‍റിനാകും ഇതിന്‍റെ ചുമതല. ഫുട്ബോളിലേതു പോലെ പരമാധികാരിയായ മാനേജറെ നിയമിക്കും. കോച്ചിംഗ് സ്റ്റാഫില്‍ മറ്റാരൊക്കെ വേണമെന്ന് പുതിയ മാനേജര്‍ക്ക് തീരുമാനിക്കാം. മൂന്ന് ഫോര്‍മാറ്റിലെയും നായകനെ തീരുമാനിക്കാനുള്ള അധികാരവും ഇദേഹത്തിന് ലഭിക്കും.

click me!