'ഐസിസി കിരീടമില്ലാത്തതിന് വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നു'; ഏകദിന ലോകകപ്പോടെ അത് അവസാനിപ്പിക്കുമെന്ന് ഫഖര്‍ സമാന്‍

Published : Oct 17, 2026, 10:53 PM IST
Fakhar Zaman

Synopsis

2017-ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഒരു ഐസിസി കിരീടം നേടാൻ കഴിയാത്തത് പാകിസ്ഥാൻ ടീമിൽ വലിയ സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്ന് ഫഖർ സമാൻ വ്യക്തമാക്കി. വരാനിരിക്കുന്ന ഏകദിന ലോകകപ്പിലൂടെ ഈ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാൻ കഴിയുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഒരു ഐസിസി കിരീടം നേടണമെന്ന സമ്മര്‍ദ്ദത്തിലാണെന്നും, അടുത്ത വര്‍ഷത്തെ ലോകകപ്പിലൂടെ ആ കാത്തിരിപ്പ് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെറ്ററന്‍ ഓപ്പണര്‍ ഫഖര്‍ സമാന്‍. 2017ല്‍ ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയതാണ് പാകിസ്ഥാന്റെ അവസാന ഐസിസി കിരീടനേട്ടം. അതിനുശേഷം 2022ലെ ടി20 ലോകകപ്പ് ഫൈനലില്‍ എത്തിയെങ്കിലും അവര്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു.

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഫഖര്‍ ഇക്കാര്യം പറഞ്ഞത്. 2017-ലെ വിജയത്തിന് ശേഷം ഒരു ഐസിസി കിരീടം നേടാന്‍ കഴിയാത്തതിനെക്കുറിച്ച് ടീമിലെ കളിക്കാര്‍ പലതവണ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും, ഈ നീണ്ട കിരീടവരള്‍ച്ച ടീമിനെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം സമ്മതിച്ചു. ''ഒരു ഐസിസി കിരീടം നേടുക എന്നത് ടീമെന്ന നിലയില്‍ ഞങ്ങള്‍ക്ക് വലിയ സമ്മര്‍ദ്ദം നല്‍കുന്ന കാര്യമാണ്. രാജ്യത്തിന്റെ നീണ്ട നാളത്തെ കിരീടകാത്തിരിപ്പ് അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. പാകിസ്ഥാന് ഏറെക്കാലമായി ഒരു ഐസിസി കിരീടം നേടാന്‍ കഴിയാത്തതില്‍ ആരാധകര്‍ നിരാശരായിരിക്കുന്നത് സ്വാഭാവികമാണ്. അതേസമയം, ഞങ്ങള്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ ആളുകള്‍ വലിയ സ്‌നേഹവും പിന്തുണയും നല്‍കാറുമുണ്ട്.'' ഫഖര്‍ പറഞ്ഞു.

അദ്ദേഹം തുടര്‍ന്നു... ''നന്നായി കളിക്കുമ്പോള്‍ ആളുകള്‍ കൂടുതല്‍ സ്‌നേഹം തരും. മോശമായി കളിച്ചാല്‍ സ്വാഭാവികമായും അവര്‍ക്ക് നിരാശ തോന്നും. മുതിര്‍ന്നവരായാലും ജൂനിയര്‍മാരായാലും, ഓരോ കളിക്കാരനും തങ്ങളുടെ പരമാവധി കഴിവിനനുസരിച്ച് കളിക്കാനും മെച്ചപ്പെടാനുമാണ് ശ്രമിക്കുന്നത്. സെമിഫൈനലിലോ ഫൈനലിലോ എത്തുന്നതിനേക്കാള്‍ വലിയ സന്തോഷമാണ് ഒരു കിരീടം നേടുമ്പോള്‍ ഒരു രാജ്യത്തിന് ലഭിക്കുന്നത്. ഞങ്ങള്‍ ഇത് വളരെ ഗൗരവമായാണ് കാണുന്നത്. ഞങ്ങള്‍ പരമാവധി ശ്രമിക്കും, ലോകകപ്പ് ട്രോഫി പാകിസ്ഥാനിലേക്ക് കൊണ്ടുവരാന്‍ ദൈവം ഞങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രൂപ്പ് എ-യിലാണ് പാകിസ്ഥാന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, സിംബാബ്വെ, ക്വാളിഫയര്‍ കളിച്ചെത്തുന്ന ടീമുമാണ് ഗ്രൂപ്പിലുണ്ടാവുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കനത്ത മഴ, ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ടി20 മത്സരം ഉപേക്ഷിച്ചു; പരമ്പര സമനിലയില്‍
'ഡ്രസിംഗ് റൂമില്‍ താങ്കളെ ഒരുപാട് മിസ് ചെയ്യുന്നു'; യൂസ്‌വേന്ദ്ര ചാഹലിനോട് സഞ്ജു സാംസണ്‍