
കൊളംബോ: ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ടീം സെലക്ഷനില്‍ തഴയപ്പെട്ടിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡിനെ ഇന്ന് ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന്‍റെ പേരില്ലാതെ വരികയായിരുന്നു. ഏഷ്യാ കപ്പില്‍ റിസര്‍വ് താരമായിരുന്ന സഞ്ജു ലോകകപ്പില്‍ പ്രധാന സ്ക്വാഡിലേക്ക് എത്തിയില്ല. കണക്കില്‍ ഏറെ പിന്നിലുള്ള സൂര്യകുമാര്‍ യാദവ് അടക്കമുള്ളവര്‍ ഏകദിന ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചപ്പോഴാണ് സഞ്ജു തഴയപ്പെട്ടത് എന്ന് കണക്കുകള്‍ നിരത്തി വാദിക്കുകയാണ് ആരാധകര്‍. ടീം പ്രഖ്യാപനത്തിന് പിന്നാലെ സഞ്ജുവിനെ പിന്തുണച്ച് നിരവധി ആരാധകരാണ് സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയത്.
ഏകദിനത്തില്‍ അടുത്ത കാലത്ത് ലഭിച്ച അവസരങ്ങളിലെല്ലാം മോശം പ്രകടനം കാഴ്‌ചവെച്ചിട്ടും സൂര്യകുമാര്‍ യാദവില്‍ വീണ്ടും പ്രതീക്ഷയര്‍പ്പിക്കുകയായിരുന്നു ഇന്ത്യന്‍ സെലക്ടര്‍മാര്‍. ഇതോടെ മധ്യനിരയില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി ഇടംപിടിക്കാനുള്ള അവസരം സഞ്ജുവിന് നഷ്‌ടമായി എന്ന് ആരാധകര്‍ വാദിക്കുന്നു. ഏകദിനത്തില്‍ സഞ്ജുവിനുള്ള മികച്ച ബാറ്റിംഗ് റെക്കോര്‍ഡ് ഉയര്‍ത്തിക്കാട്ടിയാണ് മലയാളി താരത്തിന് ഇന്ത്യന്‍ ആരാധകരുടെ പിന്തുണ. 50 ഓവര്‍ ക്രിക്കറ്റില്‍ 12 ഇന്നിംഗ്‌സുകളില്‍ 55.71 ശരാശരിയില്‍ 390 റണ്‍സാണ് സഞ്ജുവിന്‍റെ സമ്പാദ്യം. അതേസമയം സൂര്യക്ക് 24 ഇന്നിംഗ്‌സില്‍ ബാറ്റിംഗിന് ഇറങ്ങിയിട്ടും 24.33 ശരാശരിയില്‍ 511 റണ്‍സേയുള്ളൂ എന്ന് ആരാധകര്‍ വാദിക്കുന്നു. സഞ്ജുവിനെ മനപ്പൂര്‍വം തഴയുകയാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ എന്ന് ആരാധകര്‍ കണക്കുകള്‍ നിരത്തി വാദിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് മുംബൈ ലോബിയുടെ പിടിയിലാണ് എന്ന് വാദിക്കുന്ന ആരാധകര്‍ നിരവധി. ലോകകപ്പ് ടീമില്‍ മുംബൈ ഇന്ത്യന്‍സിലെ നാല് താരങ്ങളാണ് ഇടംപിടിച്ചത്.
ഫിറ്റ്‌നസ് വീണ്ടെടുത്തു എന്ന് സെലക്ടര്‍മാര്‍ വാദിക്കുമ്പോഴും പരിക്കിന്‍റെ ആശങ്കയിലുള്ള കെ എല്‍ രാഹുലിനും സഞ്ജുവിനെ തഴഞ്ഞ് അവസരം നല്‍കി എന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. ഏഷ്യാ കപ്പ് സ്ക്വാഡിലുണ്ടായിട്ടും രാഹുലിന് ഇതുവരെ കളിക്കാനായിട്ടില്ല. ഐപിഎല്ലിനിടെയേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്തു എന്നാണ് ടീം മാനേജ്‌മെന്‍റ് വ്യക്തമാക്കുന്നത്. രാഹുലിനെ ഉള്‍പ്പെടുത്തിയിരുന്നില്ലേല്‍ സഞ്ജുവിനെ രണ്ടാം വിക്കറ്റ് കീപ്പറായി ചേര്‍ക്കാമായിരുന്നു. രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവരാണ് ടീം ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലുള്ള താരങ്ങള്‍.
Read more: സഞ്ജു സാംസണ്‍ പുറത്തായപ്പോള്‍ ഇഷാനും രാഹുലും ഒന്നിച്ച് കളിക്കുമോ; മറുപടിയുമായി രോഹിത് ശര്‍മ്മ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം