റിഷഭ് പന്തിന് പരിക്കേറ്റ ശേഷം കെ എല്‍ രാഹുലായിരുന്നു ഇന്ത്യന്‍ ഏകദിന ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍

കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനിടെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് സ്ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ശ്രീലങ്കയില്‍ വച്ച് ഇന്ത്യന്‍ ചീഫ് സെലക്‌ടര്‍ അജിത് അഗാര്‍ക്കറും നായകന്‍ രോഹിത് ശര്‍മ്മയും ചേര്‍ന്നാണ് ടീം ലിസ്റ്റ് പുറത്തുവിട്ടത്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണാണ് ലോകകപ്പ് സ്ക്വാഡില്‍ ഇടം നേടാതെപോയ പ്രമുഖ താരങ്ങളിലൊരാള്‍. സഞ്ജു തഴയപ്പെട്ടപ്പോള്‍ വിക്കറ്റ് കീപ്പര്‍മാരായി കെ എല്‍ രാഹുലും ഇഷാന്‍ കിഷനും സ്ക്വാഡിലെത്തി. ഇരുവരേയും ഒന്നിച്ച് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ടീം പ്രഖ്യാപനവേളയില്‍ രോഹിത് ശര്‍മ്മ മറുപടി നല്‍കി. 

'ഇഷാന്‍ കിഷനും കെ എല്‍ രാഹുലും ഒന്നിച്ച് കളിക്കാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഇഷാന്‍ ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. എല്ലാ സാധ്യതകളും പരിഗണിച്ചായിരിക്കും പ്ലേയിംഗ് ഇലവനെ തീരുമാനിക്കുക. ടീം സെലക്ഷനായി എല്ലാവരും കായികക്ഷമത കൈവരിക്കുകയാണ് ക്യാപ്റ്റന്‍ എന്ന നിലയില്‍ എന്‍റെ ആവശ്യം. അതിന് അനുസരിച്ച് ഇലവനെ തെരഞ്ഞെടുക്കും' എന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ കെ എല്‍ രാഹുലിന്‍റെ അഭാവത്തില്‍ വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ ബാറ്റിംഗില്‍ അഞ്ചാമനായിറങ്ങി 81 പന്തില്‍ 9 ഫോറും 2 സിക്‌സറും സഹിതം 82 റണ്‍സെടുത്തിരുന്നു. പാകിസ്ഥാന്‍റെ ശക്തമായ ബൗളിംഗ് ആക്രമണം ചെറുത്തായിരുന്നു ഇഷാന്‍ ബാറ്റിംഗ്. 

റിഷഭ് പന്തിന് പരിക്കേറ്റ ശേഷം കെ എല്‍ രാഹുലായിരുന്നു ഇന്ത്യന്‍ ഏകദിന ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍. എന്നാല്‍ ഐപിഎല്ലിനിടെ പരിക്കേറ്റ രാഹുലിന് ഇതുവരെ ഇന്ത്യക്കായി മടങ്ങിയെത്താനായിട്ടില്ല. ഇതോടെ ഇഷാന്‍ കിഷനാണ് നിലവില്‍ വിക്കറ്റ് കീപ്പര്‍. ഏഷ്യാ കപ്പിലെ വരും മത്സരങ്ങളില്‍ രാഹുല്‍ ടീമിലേക്ക് തിരിച്ചെത്തും എന്നിരിക്കേ ഇഷാന്‍ കിഷനെയും രാഹുലിനേയും ഒരേസമയം കളിപ്പിക്കാന്‍ കഴിയുമോ എന്നതാണ് ആകാംക്ഷ. 

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡ്: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.

Read more: സഞ്ജു സാംസണ്‍ ലോകകപ്പിനില്ല; കെ എല്‍ രാഹുല്‍ ടീമില്‍; ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം