
കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോണിയുടെ 41-ാം ജന്‍മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മലയാളി താരം എസ് ശ്രീശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍. ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനായി പന്തെറിയുന്ന ശ്രീശാന്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനായ എം എസ് ധോണിയെ ക്ലീന്‍ ബൗള്‍ഡാക്കുന്ന വീഡിയോ ഷെയര്‍ ചെയ്താണ് ശ്രീശാന്ത് ജന്‍മനദിനാശംസ നേര്‍ന്നത്.
ധോണിക്ക് ഏറ്റവും മികച്ച ജന്‍മദിനാശംസ നേരുന്നു. മഹാനായ ക്യാപ്റ്റനും നല്ല സഹോദരനുമായ ധോണി എന്‍റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ എല്ലായ്പ്പോഴും ആവശ്യപ്പെടാറുണ്ട്. അദ്ദേഹവുമൊത്തുള്ള ഓരോ നിമിഷങ്ങളും ആസ്വദിച്ചിരുന്നു. പ്രത്യേകിച്ച് ഈ നിമിഷം എന്‍റെ മുതിര്‍ന്ന സഹോദരാ, നിങ്ങളെ സ്നേഹിക്കുന്നു. താങ്കളെ പുറത്താക്കാന്‍ കഴിഞ്ഞുവെന്നത് വലിയ ബഹുമതിയായി കാണുന്നു. ഏതെങ്കിലും ഒരു ബാറ്റര്‍ക്ക് ഞാനെറിഞ്ഞതില്‍ ഏറ്റവും മികച്ച പന്ത് ഇതായിരിക്കും. അതും എന്‍റെ മുതിര്‍ന്ന സഹോദരനെതിരെ എന്ന് കുറിച്ചുകൊണ്ടാണ് ശ്രീശാന്ത് ആശംസ നേര്‍ന്നത്.
'ഇനിയും ക്രിക്കറ്റ് കളിച്ചോണ്ടിരിക്കൂ'; ധോണിക്ക് പിറന്നാള്‍ ആശംസ അറിയിച്ച് പാകിസ്ഥാന്‍ താരം
എന്നാല്‍ ജന്‍മദിനാശംസ നേരാന്‍ പറ്റിയ വീഡിയോ എന്നാണ് ആരാധകര്‍ ഇതിന് താഴെ കമന്‍റ് ചെയ്തിരിക്കുന്നത്. സഹോദരനെ പുറത്താക്കുന്ന വീഡിയോ ഇട്ടിട്ടാണോ ജന്‍മദിനാശംസ നേരുന്നതെന്നും പുറത്താവുന്ന വീഡിയോ ഇട്ടല്ല മികച്ച ബാറ്റിംഗിന്‍റെ വീഡിയോ ഇട്ടായിരുന്നു ആശംസ നേരേണ്ടിയിരുന്നതെന്നും ആരാധകര്‍ ഓര്‍മിപ്പിക്കുന്നു. ധോണിക്ക് ലഭിക്കാവുന്ന ഏറ്റവും മോശം ആശംസയാണിതെന്നും ചിലര്‍ കമന്‍റായി രേഖപ്പെടുത്തിയിട്ടുണ്ട്.