ധോണിയുടെ അസാന്നിധ്യത്തിൽ ചെന്നൈയുടെ 'തല' ആയി സഞ്ജു; ഇതാണ് യഥാര്‍ത്ഥ നായകനെന്ന് ആരാധകർ

Published : Apr 24, 2026, 12:40 PM IST
Sanju Samson

Synopsis

മുംബൈക്കെതിരെ പുറത്താകാതെ നേടിയ 101* റൺസിന് പിന്നാലെ തന്‍റെ ഇന്നിംഗ്‌സിനെക്കുറിച്ച് സഞ്ജു സംസാരിച്ചത് ഒരു യഥാര്‍ത്ഥ നായകന്‍റെ ഭാഷയിലായിരുന്നു.

മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സഞ്ജു സാംസൺ ക്രീസിലെത്തിയത് വെറുമൊരു ഓപ്പണറായല്ല, മറിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സിനെ മുന്നിൽ നിന്ന് നയിക്കുന്ന യഥാര്‍ത്ഥ നായകന്‍റെ ഉത്തരവാദിത്തത്തോടെയായിരുന്നു. സഞ്ജു, ടീമിന്‍റെ ഔദ്യോഗിക നായകനല്ലെങ്കിലും എം.എസ്. ധോണിയുടെ അഭാവത്തിൽ ചെന്നൈയുടെ 'തല' താന്‍ തന്നെയെന്ന് സഞ്ജു ഒരിക്കല്‍ കൂടി അടിവരയിട്ടു.

പരിക്കിനെത്തുടർന്ന് ഇതിഹാസ നായകന്‍ എം.എസ്. ധോണി സീസണിൽ ഇതുവരെ സിഎസ്കെക്കായി കളിക്കാനിറങ്ങിയിട്ടില്ല. നിലവിലെ ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് ആകട്ടെ ബാറ്റിംഗിൽ ഫോം കണ്ടെത്താൻ പാടുപെടുകയാണ്. 7 മത്സരങ്ങളിൽ നിന്ന് 119 സ്ട്രൈക്ക് റേറ്റിൽ വെറും 104 റൺസാണ് റുതുരാജിന്‍റെ സമ്പാദ്യം. നായകൻ പതറുന്ന ഘട്ടത്തിൽ ടീമിന്‍റെ ഭാരം ഏറ്റെടുക്കാൻ ഒരാൾ വേണമെന്ന അവസ്ഥയിലാണ് സഞ്ജു വാംഖഡെയില്‍ രക്ഷകനായി അവതരിച്ചത്.

മുംബൈക്കെതിരെ പുറത്താകാതെ നേടിയ 101* റൺസിന് പിന്നാലെ തന്‍റെ ഇന്നിംഗ്‌സിനെക്കുറിച്ച് സഞ്ജു സംസാരിച്ചത് ഒരു യഥാര്‍ത്ഥ നായകന്‍റെ ഭാഷയിലായിരുന്നു. വെറുതെ പന്തുകൾ അടിച്ചുപറത്തുന്ന 'സ്ലാം-ബാം' രീതിക്ക് പകരം അവസാനം വരെ ക്രീസിൽ നിൽക്കാനാണ് താൻ ശ്രമിച്ചതെന്ന് സഞ്ജു പറഞ്ഞു. മത്സര സാഹചര്യം ആവശ്യപ്പെടുന്നത് പോലെ കളിക്കുക എന്നതാണ് പ്രധാനം. വിക്കറ്റുകൾ തുടരെ വീഴുമ്പോൾ ഒരു സെറ്റിൽഡ് ബാറ്റർ അവസാനം വരെ നിൽക്കേണ്ടത് അത്യാവശ്യമാണ്. ടീം എനിക്ക് നൽകിയ ഉത്തരവാദിത്തം നിറവേറ്റുക എന്നത് എന്‍റെ കടമയാണ്. അനുഭവസമ്പത്ത് ഉള്ളതുകൊണ്ട് തന്നെ ടീമിനാണ് ഞാൻ പ്രഥമ പരിഗണന നൽകുന്നത്- സഞ്ജു വ്യക്തമാക്കി.

 

സിഎസ്‌കെ ഒരു യുവ ടീമാണെന്നും മൂന്ന് തോൽവികൾക്ക് ശേഷവും ടീം കാണിച്ച പോരാട്ടവീര്യം അഭിനന്ദനീയമാണെന്നും സഞ്ജു പറഞ്ഞു. രാജസ്ഥാൻ റോയൽസിനെ നയിച്ച സഞ്ജുവിന്റെ നേതൃപാടവം മൈതാനത്ത് ക്യാപ്റ്റൻ റുതുരാജിനും ബൗളർമാർക്കും വലിയ തുണയാകുന്നുണ്ട്. സീസണിലെ തന്‍റെ രണ്ടാം സെഞ്ചുറിയിലൂടെ സഞ്ജു ചെന്നൈയുടെ വിശ്വസ്തനായി മാറിക്കഴിഞ്ഞു. സഞ്ജു കളിച്ചാല്‍ ചെന്നൈ ജയിക്കുമെന്നതാണ് ഈ സീസണിലെ കണക്കുകള്‍ പറയുന്നത്. ഈ സീസണില്‍ സഞ്ജു ടോപ് സ്കോററായ മൂന്ന് കളികളിലും ചെന്നൈ ജയിച്ചപ്പോള്‍ സഞ്ജു തുടക്കത്തിലെ പുറത്തായ മത്സരങ്ങളിലെല്ലാം ചെന്നൈ തോറ്റു. സീസണില്‍ ചെന്നൈയുടെ ടോപ് സ്കോററും ചെന്നൈക്കായി ഏറ്റവും കൂടുതല്‍ സിക്സുകളും ഫോറുകളും അടിച്ച താരവും ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരിയുള്ള താരവും ഉയര്‍ന്ന സ്കോര്‍ നേടിയ താരവുമെല്ലാം സഞ്ജു സാംസണാണ്. ഔദ്യോഗികമായി ക്യാപ്റ്റൻ സ്ഥാനമില്ലെങ്കിലും ടീമിനെ മുന്നില്‍ നിന്ന് നയിക്കാനും നിർണ്ണായക ഘട്ടങ്ങളിൽ താങ്ങാവാനും സഞ്ജുവിന് സാധിക്കുന്നത് ചെന്നൈ ആരാധകർക്കും വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇത് സഞ്ജു സ്റ്റൈലിഷ് സാംസണ്‍', മുംബൈയെ തരിപ്പണമാക്കിയ സഞ്ജുവിന്‍റെ വെടിക്കെട്ട് സെഞ്ചുറിയെ വാഴ്ത്തി മുന്‍ താരങ്ങള്‍
'അമ്മേ ഇത് നിനക്ക് വേണ്ടി', അമ്മയുടെ ചിതയൊടുങ്ങും മുമ്പെ ചെന്നൈക്കായി പന്തെറിയാനെത്തി മുകേഷ് ചൗധരി