
മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സ് നേടിയ 103 റൺസിന്‍റെ ഐതിഹാസിക വിജയത്തിനൊപ്പം ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത് പേസർ മുകേഷ് ചൗധരിയുടെ സമര്‍പ്പണത്തെക്കുറിച്ചാണ്. മത്സരത്തില്‍ മുംബൈ ഓപ്പണര്‍ ക്വിന്‍റൺ ഡി കോക്കി ബൗള്‍ഡാക്കിയ ശേഷം ആഘോഷങ്ങളില്ലാതെ, വിറയ്ക്കുന്ന വിരലുകൾ ആകാശത്തേക്കുയർത്തി 'അമ്മേ, ഇത് നിനക്കുള്ളതാണ്' എന്ന് മുകേഷ് മന്ത്രിച്ചപ്പോൾ കണ്ടുനിന്നവരുടെ കണ്ണ് നിറഞ്ഞു. വ്യക്തിപരമായ ദു:ഖത്തിനിടയിലാണ് മുകേഷ് മുംബൈക്കെതിരെ കളിക്കാനിറങ്ങിയത്.
ദീർഘകാലമായി അസുഖബാധിതയായിരുന്ന മുകേഷിന്‍റെ മാതാവ് ചൊവ്വാഴ്ചയാണ് അന്തരിച്ചത്. രാജസ്ഥാനിലെ ഭീൽവാഡയിൽ അമ്മയുടെ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി, തൊട്ടടുത്ത ദിവസം തന്നെ മുകേഷ് ചെന്നൈ ടീമിനൊപ്പം ചേർന്നു. ഖലീല്‍ അഹമ്മദ് പരിക്കേറ്റ് പുറത്തായതിനാല്‍ ടീമിന് തന്നെ ആവശ്യമാണെന്ന തിരിച്ചറിവായിരുന്നു വ്യക്തിപരമായ ദു:ഖത്തിനിടയിലും മുംബൈക്കെതിരായ മത്സരത്തിനായി ഗ്രൗണ്ടിലെത്തിച്ചത്.
മത്സരത്തില്‍ അക്കീല്‍ ഹൊസൈനൊപ്പം ചെന്നൈക്കായി ന്യൂബോൾ പങ്കിട്ട മുകേഷ് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നേടി. രോഹിത്തിന്‍റെ അഭാവത്തില്‍ മുംബൈയുടെ ബാറ്റിംഗ് പ്രതീക്ഷയായിരുന്ന ക്വിന്‍റൺ ഡി കോക്കോിനെ ബൗള്‍ഡാക്കിയണ് മുകേഷ് മുംബൈയെ ഞെട്ടിച്ചത്. ഇതിന് പിന്നാലെയായിരുന്നു ആഘോഷങ്ങളില്ലാതെ വിരലുകള്‍ ആകാശേത്തുയര്‍ത്തി മുകേഷ് അമ്മക്ക് വിക്കറ്റ് സമര്‍പ്പിച്ചത്.
മത്സരത്തില്‍ നാലോവറില്‍ 31 റണ്‍സ് വഴങ്ങിയ മുകേഷ് ഒരു വിക്കറ്റെടുത്തു. മത്സരശേഷം വികാരാധീനനായ മുകേഷിനെ ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് ഓടിയെത്തി ചേര്‍ത്തുപിടിച്ചു. സമ്മാനദാനച്ചടങ്ങില്‍ മുംബൈക്കെതിരായ വിജയം മുകേഷിന് സമര്‍പ്പിക്കുന്നുവെന്ന് റുതുരാജ് പറഞ്ഞു. മുകേഷിനെ സംബന്ധിച്ചിടത്തോളം ഇത് മാനസികമായി വലിയൊരു പോരാട്ടമായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ നിന്ന് ടീമിന് വേണ്ടി തിരിച്ചെത്താൻ വലിയ ധൈര്യം വേണം. ആ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഞങ്ങൾ തലകുനിക്കുന്നു. ഈ വിജയം അവനുള്ളതാണ്-റുതുരാജ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!