
അഹമ്മദാബാദ്: ഇന്ത്യ-ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം കാണാനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസും സ്റ്റേഡിയത്തില്‍ എത്തിയതോടെ കളിക്കാര്‍ക്ക് മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തില്‍ പരിശീലനം നടത്താനുള്ള അവസരം നിഷേധിച്ചെന്ന് ആക്ഷേപം. പ്രധാനമന്ത്രിമാരുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി സ്റ്റേഡിയത്തില്‍ സുരക്ഷ കര്‍ശനമാക്കിയതിനാല്‍ ഇരു ടീമിലെയും താരങ്ങള്‍ കളിക്ക് തൊട്ടു മുമ്പ് സ്റ്റേഡിയത്തിന് പുറത്തുള്ള ഗ്രൗണ്ടിലാണ് വാം അപ്പ് ചെയ്തത്.
ഇരു പ്രധാനമന്ത്രിമാരും സ്റ്റേഡിയത്തിലെത്തി കാണികളെ അഭിവാദ്യം ചെയ്തശേഷമാണ് മത്സരത്തിന് ടോസിട്ടത്. ഇതുമൂലം ഒമ്പത് മണിക്ക് നിശ്ചയിച്ചിരുന്ന ടോസ് വൈകുകയും ചെയ്തിരുന്നു. ഇതും ആരാധകരുടെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. രാഷ്ട്രീയം ക്രിക്കറ്റിനെ ഹൈജാക്ക് ചെയ്തു എന്നാണ് ആരാധകപക്ഷത്തു നിന്ന് ഉയരുന്ന പ്രധാന വിമര്‍ശനം. ടോസിന് തൊട്ടു മുമ്പ് മാത്രമാണ് കളിക്കാരെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഓസ്ടേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസിന്‍റെയും സന്ദര്‍ശനത്തിന്‍റെ ഭാഗമായി സ്റ്റേഡിയത്തില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്. മൂവായിരത്തോളം പോലീസുകാരെയാണ് സ്റ്റേഡിയത്തില്‍ സുരക്ഷക്കായി നിയോഗിച്ചത്.
മത്സരം കാണാനായി റെക്കോര്‍ഡ് കാണികളാണ് ആദ്യ ദിനം സ്റ്റേഡിയത്തിലെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഒരുലക്ഷത്തോളം പേര്‍ മത്സരം കാണാനെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റേഡിയത്തിലെത്തിയ ഇരു പ്രധാനമന്ത്രിമാരെയും കാണകള്‍ ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്. ഇരു പ്രധാനമന്ത്രിമാരെയും ബിസിിസഐ പ്രസിഡന്‍റ് റോജര്‍ ബിന്നിയും ബിസിസിഐ സെക്രട്ടറി ജയ് ഷായും ചേര്‍ന്നാണ് സ്വീകരിച്ചത്.ടോസിന് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന് ഓസീസ് പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസും പുതിയ ടെസ്റ്റ് ക്യാപ് സമ്മാനിച്ചു. ഇതിനുശേഷം തുറന്ന വാഹനത്തില്‍ സ്റ്റേഡിയത്തെ വലം വെച്ച ഇരുവരും കാണികളെ അഭിവാദ്യം ചെയ്തു.
ഇതിനുശേഷം ഇരു ടീമിലെയും താരങ്ങളെ ഗ്രൗണ്ടില്‍ പരിചയപ്പെട്ട ഇരുപ്രധാനമന്ത്രിമാരും കളിക്കാര്‍ക്കൊപ്പം നിന്ന് ദേശീയ ഗാനവും പാടിയാണ് വിഐപി ഗ്യാലറിയിലെത്തി മത്സരം കാണാനിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!