
ലക്നൗ: ഇംഗ്ലണ്ടിലെ മിന്നും പ്രകടനത്തിന് ശേഷം ഇന്ത്യൻ ടീമിന് ആശംസ അറിയിച്ച് ലക്നൗ ടീം പങ്കുവച്ച പോസ്റ്ററിനെ ചൊല്ലി വിവാദം. ഇംഗ്ലണ്ടിൽ മികച്ച പ്രകടനം നടത്തിയ ലക്നൗവിന്‍റെ മുൻ ക്യാപ്റ്റൻ കൂടിയായ രാഹുലിനെ ഒഴിവാക്കിയതാണ് വിവാദമുണ്ടാക്കിയത്.ടീം ഉടമ സഞ്ജീവ് ഗോയങ്കയുമായുണ്ടായ അഭിപ്രായ വ്യത്യാസ്തതെ തുടർന്നായിരുന്നു രാഹുൽ ടീം വിട്ടത്.
ഇംഗ്ലണ്ടില്‍ ഇന്ത്യൻ താരങ്ങളുടെ മികച്ച പ്രകടനങ്ങളുടെ കൊളാഷ് ചിത്രമാണ് ലക്നൗ അഭിനന്ദന പോസ്റ്റില്‍ പങ്കുവെച്ചത്. ഇതില്‍ കൂടുതലും ടോപ് സ്കോററായ ശുഭ്മാൻ ഗില്ലിന്‍റെയും ലക്നൗ നായകനായ റിഷഭ് പന്തിന്‍റേതുമായിരുന്നു. രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരും ചിത്രത്തിലുണ്ട്. എന്നാല്‍ ഇംഗ്ലണ്ടില്‍ ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച രണ്ടാമത്തെ താരമായ രാഹുലിന്‍റെ ഒറ്റ ചിത്രം പോലും പോസ്റ്ററില്‍ കൊടുത്തിരുന്നില്ല.
പോസ്റ്ററിൽ നിന്ന് രാഹുലിനെ ഒഴിവാക്കിയത് ഗോയങ്ക പറഞ്ഞിട്ടെന്നാണ് ആരാധകരുടെ ആക്ഷേപം. ഇന്ത്യൻ മുൻ പേസർ ദൊഡ്ഡ ഗണേഷ് ഉൾപ്പടെയുള്ളവർ വലിയ വിമർശനം ഉന്നയിച്ചു. ഇത് വലിയ നാണക്കേടാണെന്നും ഇംഗ്ലണ്ടില്‍ 500 റണ്‍സിലധികം നേടിയ ഓപ്പണറുടെ ഒരു ചിത്രം പോലും ലഭിച്ചില്ലെയെന്നും ഗണേഷ് ചോദിച്ചു. ഇംഗ്ലണ്ടില്‍ രണ്ട് സെഞ്ചുറി അടക്കം 532 റണ്‍സാണ് രാഹുല്‍ നേടിയത്.
2024 സീസണൊടുവില്‍ ലക്നൗ വിട്ട രാഹുല്‍ ഈ കഴിഞ്ഞ സീസണിൽ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടിയാണ് കളിച്ചത്. ഐപിഎല്ലിൽ ഇത്തവണ ഡല്‍ഹി-ലക്നൗ മത്സരശേഷം ഹസ്തദാനം നൽകാനെത്തിയ ഗോയങ്കയോട് രാഹുൽ തണുപ്പന്‍ പ്രതികരണം നടത്തിയത് വിവാദമായിരുന്നു. പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്ന് സൂചനകളാണ് ഇപ്പോൾ വരുന്നത്. രാഹുലിന് പകരം 27 കോടി രൂപ മുടക്കി റിഷഭ് പന്തിനെ കഴിഞ്ഞ സീസണില്‍ ലക്നൗ ടീമിലെടുത്ത് ക്യാപ്റ്റനായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക