
മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സഞ്ജുവിനെ റിസര്‍വ് താരമാക്കിയതിന് പിന്നാലെ ട്വിറ്ററില്‍ ആരാധകരുടെ പോര്. ഏകദിനത്തില്‍ 55+ ശരാശരിയുള്ള താരമാണ് സഞ്ജു. എന്നിട്ടും എങ്ങനെയാണ് 17 അംഗ ടീമില്‍ നിന്ന് പുറത്തായതെന്നാണ് ആരാധകരുടെ ചോദ്യം. സൂര്യകുമാറിനേക്കാള്‍ എന്തുകൊണ്ടും ടീമിലെത്താന്‍ യോഗ്യത സഞ്ജുവിനാണെന്നും വാദം. മാത്രമലല്ല, ഒരു പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തിലക് വര്‍മയെ ടീമിലെടുത്തതും. ഇതും ആരാധകര്‍ ചൂണ്ടികാണിക്കുന്നു.
മധ്യ ഓവറുകളില്‍ സഞ്ജുവിനേക്കാള്‍ യോഗ്യനായ താരം ഇന്ത്യയുടെ ഏകദിന ടീമിലില്ല. സ്പിന്നിനെതിരെ കളിക്കാന്‍ സഞ്ജു മിടുക്കനാണെന്നുള്ള കാര്യം സെലക്റ്റര്‍മാര്‍ മറന്നുപോയെന്നും ടീം പ്രഖ്യാപനത്തിന് ശേഷം സെലക്ഷന്‍ കമ്മിറ്റിയെ ആരാധകര്‍ ഓര്‍മിപ്പിച്ചു. ചില ട്വീറ്റുകള്‍ വായിക്കാം...
ഇടങ്കയ്യനാണെന്നുള്ള പരിഗണനയാണ് തിലകിന് ലഭിച്ചത്. മാത്രല്ല, സ്പിന്നറായും താരത്തെ ഉപയോഗിക്കാം. വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതും തിലകിന് ഗുണമായി. മറുവശത്ത് സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ മൂന്ന് തവണയാണ് അവസരം ലഭിച്ചത്. എന്നാല്‍ മുതലാക്കാനായതുമില്ല.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്. സ്റ്റാന്‍ഡ് ബൈ: സഞ്ജു സാംസണ്‍.
ഈ മാസം 30ന് പാക്കിസ്ഥാന്‍-നേപ്പാള്‍ മത്സരത്തോടെയാണ് ഏഷ്യാ കപ്പ് തുടങ്ങുന്നത്. സെപ്റ്റംബര്‍ രണ്ടിന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ശ്രീലങ്കയിലെ കാന്‍ഡിയാണ് ഇന്ത്യ-പാക് മത്സരത്തിന് വേദിയാവുക. ഒക്ടോബര്‍ അഞ്ചിന് മുമ്പ് തുടങ്ങുന്ന ഏകദിന ലോകകപ്പിനു മുമ്പ് ഇന്ത്യക്ക് ടീം ഒരുക്കാന്‍ ലഭിക്കുന്ന അവസാന അവസരമാണ് ഏഷ്യാ കപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!