
കാന്‍ഡി: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണും ശിവം ദുബെക്കും പകരം പ്ലേയിംഗ് ഇലവനില്‍ കളിച്ച് നിരാശപ്പെടുത്തി റിയാന്‍ പരാഗിന് ആരാധകരുടെ പരിഹാസം. ക്രീസില്‍ നില്‍ക്കുമ്പോഴുള്ള ആറ്റിറ്റ്യൂഡ് ഒക്കെ കൊള്ളാമെങ്കിലും ബാറ്റിംഗ് പോരെന്നാണ് ആരാധകരുടെ പ്രധാന വിമര്‍ശനം.
സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയില്‍ അവസാന മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി ടോപ് സ്കോററായ സഞ്ജു സാംസണെയും ലോകകപ്പ് ടീമില്‍ എല്ലാ മത്സരങ്ങളിലും കളിച്ച ശിവം ദുബെയെയും പുറത്തിരുത്തിയാണ് റിയാന്‍ പരാഗിന് ഇന്ന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്തായതിന് പിന്നാലെ പതിനേഴാം ഓവറില്‍ ആറാമനായാണ് പരാഗ് ക്രീസിലിറങ്ങിയത്. നേരിട്ട രണ്ടാം പന്ത് തന്നെ റിവേഴ്സ് സ്വീപ്പിലൂടെ ബൗണ്ടറി കടത്തി തുടങ്ങിയെങ്കിലും ആറ് പന്തില്‍ ഏഴ് റണ്‍സെടുത്ത് മതീഷ പതിരാനയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി.
നേരത്തെ സിംബാബ്‌വെക്കെതിതിരായ പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ അവസരം കിട്ടിയ പരാഗ് 2, 22 എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്. ഇന്ത്യൻ കുപ്പായത്തില്‍ കളിച്ച അവസാന മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയിട്ടും സഞ്ജുവിന് ഇന്നും പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടിയില്ല.
സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായി കളിച്ച റിഷഭ് പന്ത് ആകട്ടെ 33 പന്തില്‍ 49 റണ്‍സടിച്ചെങ്കിലും രണ്ട് തവണ ജീവന്‍ ലഭിച്ചശേഷം അവസാനം മാത്രമാണ് തകര്‍ത്തടിച്ചത്. നേരിട്ട ആദ്യ 23 പന്തില്‍ 20 റണ്‍സ് മാത്രം നേടാനെ പന്തിനായിരുന്നുള്ളു. ഇതിനിടെ രണ്ട് തവണ പന്തിനെ ലങ്കന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടിരുന്നു. സൂര്യകുമാര്‍ ഒരറ്റത്ത് തകര്‍ത്തടിക്കുമ്പോഴും പന്ത് സ്കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടിയത് ഇന്ത്യയുടെ സ്കോറിംഗിനെ ബാധിക്കുകയും ചെയ്തിരുന്നു.