
കാന്‍ഡി: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് 214 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. 26 പന്തില്‍ 58 റണ്‍സെടുത്ത സൂര്യകുമാര്‍ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. യശസ്വി ജയ്സ്വാള്‍ 21 പന്തില്‍ 40 റണ്‍സെടുത്തപ്പോള്‍ ശുഭ്മാന്‍ ഗില്‍ 16 പന്തില്‍ 34ഉം റിഷഭ് പന്ത് 32 പന്തില്‍ 49ഉം റണ്‍സെടുത്തു. ശ്രീലങ്കക്കായി പതിരാന നാലു വിക്കറ്റെടുത്തു.
ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. പവര്‍പ്ലേയില്‍ ഇരുവരും തകര്‍ത്തടിച്ചതോടെ ആറോവറില്‍ 74 റണ്‍സിലെത്തി. പവര്‍ പ്ലേയിലെ അവസാന പന്തില്‍ ശുഭ്മാന്‍ ഗില്ലും(16 പന്തില്‍ 34) ഏഴാം ഓവറിലെ ആദ്യ പന്തില്‍ ജയ്സ്വാളുംൾ(21 പന്തില്‍ 40) മടങ്ങിയതോടെ ഇന്ത്യ പതറുമെന്ന് കരുതിയെങ്കിലും സൂര്യകുമാര്‍ യാദവ് തുടക്കം മുതല്‍ തകര്‍ത്തടിച്ചതോടെ ഇന്ത്യ കുതിച്ചു. ഒമ്പതാം ഓവറില്‍ ഇന്ത്യ 100 കടന്നു. ഒരറ്റത്ത് സൂര്യ തകര്‍ത്തടിക്കുമ്പോള്‍ താളം കണ്ടെത്താന്‍ പാടുപെട്ട റിഷഭ് പന്ത് ഭാഗ്യത്തിന്‍റെ അകമ്പടിയോടെയാണ് ക്രീസില്‍ നിന്നത്.
22 പന്തില്‍ അര്‍ധെസഞ്ചുറി തികച്ച സൂര്യകുമാര്‍ പതിനാലാം ഓവറില്‍ പുറത്താവുമ്പള്‍ ഇന്ത്യ 150 കടന്നിരുന്നു. നേരിട്ട ആദ്യ 23 പന്തില്‍ 20 റണ്‍സ് മാത്രമെടുത്ത റിഷഭ് പന്തിന് രണ്ട് തവണ ജീവന്‍ കിട്ടി. സൂര്യ പുറത്തായശേഷം ക്രീസിലെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ പതിനേഴാം ഓവറില്‍ മടങ്ങി. 10 പന്തില്‍ ഒമ്പത് റണ്‍സ് മാത്രമായിരുന്നു ഹാര്‍ദ്ദിക്കിന്‍റെ സംഭാവന.
പിന്നീടെത്തിയ റിയാന്‍ പരാഗിന് ക്രീസില്‍ അധികം ആയുസുണ്ടായില്ല. അഞ്ച് പന്തില്‍ ഏഴ് റണ്‍സെടുത്ത പരാഗ് പുറത്തായപ്പോള്‍ അവസാനം അടിച്ചു തകര്‍ത്ത റിഷഭ് പന്ത്(32 പന്തില്‍ 49) പത്തൊമ്പതാം ഓവറില്‍ മടങ്ങി. പിന്നാലെ റിങ്കു സിംഗും(1) വീണെങ്കിലും അവസാന പന്ത് സിക്സിന് പറത്തി അക്സര്‍ പട്ടേല്‍(5 പന്തില്‍ 10*) ഇന്ത്യയെ 20 ഓവറില്‍ 213 റണ്‍ലിലെത്തിച്ചു ഹാര്‍ദ്ദിക്കും പരാഗും പന്തും റിങ്കുവുമെല്ലാം ക്രീസിലുണ്ടായിട്ടും അവസാന അഞ്ചോവറില്‍ 54 റണ്‍സ് മാത്രമാണ് ഇന്ത്യ നേടിയത്.
ശ്രീലങ്കക്കായി മതീഷ പതിരാന 40 റണ്‍സിന് നാലു വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ ലങ്ക ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. റിയാന്‍ പരാഗ് പ്ലേയിംഗ് ഇലവനില്‍ ഇടം നേടിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടം ലഭിച്ചില്ല. ലോകകപ്പില്‍ കളിച്ച ശിവം ദുബെയും സഞ്ജുവിനൊപ്പം പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ സിംബാബ്‌വെയില്‍ തിളങ്ങിയ വാഷിംഗ്ടണ്‍ സുന്ദറും പുറത്തായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക