
വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തില്‍ ദയനീയ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 26 ഓവറില്‍ 117ന് എല്ലാവരും പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 11 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ട്രാവിസ് ഹെഡ് (30 പന്തില്‍ 51), മിച്ചല്‍ മാര്‍ഷ് (36 പന്തില്‍ 66) പുറത്താവാതെ നിന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-1 ഒപ്പമെത്തി.
11 ഓവറില്‍ ഓസീസ് വിജയം പൂര്‍ത്തിയാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ ഏകദിന ചരിത്രത്തില്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിക്കുന്ന ബാറ്റിംഗ് പ്രകടനാണിത്. ഏറ്റവും കുറഞ്ഞ ഓവറുകളില്‍ ഓസ്‌ട്രേലിയ സ്വന്തമാക്കുന്ന മൂന്നാമത്തെ ഏറ്റവും മികച്ച ജയമാണിത്. 2004ല്‍ സതാംപ്ടണില്‍ യുഎസ്എയ്‌ക്കെതിരെ 7.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സ് മറികടന്നതാണ് ഏറ്റവും മികച്ച ജയം. 2013ല്‍ പേര്‍ത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 9.2 ഓവറില്‍ 71 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചത് രണ്ടാം സ്ഥാനത്തും. വിശാഖപടണത്തെ പ്രകടനം മൂന്നം സ്ഥാനത്തായി. 2003ല്‍ ഇംഗ്ലണ്ടിനെതിരെ സിഡ്‌നിയില്‍ 12.2 ഓവറില്‍ 118 റണ്‍സെടുത്ത് ജയിച്ചതും പട്ടികയിലുണ്ട്.
ചെറിയ വിജയലക്ഷ്യം പെട്ടന്ന് മറികടക്കാനുള്ള തീരുമാനത്തിലായിരുന്നു ഓസീസ്. ഷമി മൂന്ന് ഓവറില്‍ 29 റണ്‍സും മുഹമ്മദ് സിറാജ് 37 റണ്‍സും വിട്ടുകൊടുത്തു. ഹര്‍ദിക് പാണ്ഡ്യയുടെ ഒരോവറില്‍ മാര്‍ഷ് മൂന്ന് സിക്‌സ് നേടി. ആറ് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാര്‍ഷിന്റെ ഇന്നിംഗ്‌സ്. ഹെഡ് 11 ഫോര്‍ നേടി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-1 ഒപ്പമെത്തി. നിര്‍ണായകമായ ഏകദിനം ബുധനാഴ്ച്ച ചെന്നൈയില്‍ നടക്കും.
നേരത്തെ, അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തീപ്പൊരി ബൗളിംഗ് പ്രകടനമാണ് കങ്കാരുക്കളെ തുണച്ചത്. അക്‌സര്‍ പട്ടേലിന്റെ അവസാന നിമിഷത്തെ ചെറുത്ത് നില്‍പ്പാണ് വന്‍ നാണക്കേടില്‍ നിന്ന് ടീം ഇന്ത്യയെ രക്ഷിച്ചത്. അക്‌സറിനെ കൂടാതെ 31 റണ്‍സെടുത്ത് വിരാട് കോലിക്ക് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ച് നില്‍ക്കാന്‍ സാധിച്ചുള്ളൂ. ടോസിലെ നഷ്ടത്തിന് പിന്നാലെ ഇന്ത്യക്ക് ആദ്യ ഓവറില്‍ വിക്കറ്റും നഷ്ടമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!