
കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള മത്സരം മഴ മുടക്കിയെങ്കിലും മത്സരം നടന്ന 3.4 ഓവറും കാണികള്‍ക്ക് ചിരിക്കാനും ആവേശം കൊള്ളാനുമുള്ള നിമിഷങ്ങളേറെയുണ്ടായിരുന്നു. 3.4 ഓവറില്‍ കൊല്‍ത്ത 25-2 എന്ന സ്കോറില്‍ പതറുമ്പോഴാണ് മഴമൂലം മത്സരം നിര്‍ത്തിവെച്ചത്. പിന്നീട് 10.30ഓടെ മഴ മാറിയെങ്കിലും ഔട്ട് ഫീല്‍ഡ് നനഞ്ഞു കുതിര്‍ന്നതിനാല്‍ മത്സരം സാധ്യമായില്ല.
ടോസ് നേടിയപ്പോള്‍ ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള കൊല്‍ക്കത്ത നായകന്‍ അജിങ്ക്യാ രഹാനെയുടെ തീരുമാനം ആരാധകരെ അമ്പരപ്പിച്ചിരുന്നു. മഴ പ്രവചനമുണ്ടായിട്ടും കൊല്‍ക്കത്തയില്‍ സ്കോര്‍ പ്രതിരോധിക്കുക എന്നത് ബുദ്ധിമുട്ടായിട്ടും രഹാനെ ബാറ്റിംഗ് തെരഞ്ഞെടുത്തത് പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ടാകും. ടോസ് നേടിയ ശേഷം തന്‍റെ ടീമിലെ തുരുപ്പുചീട്ടുകളായ വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരെയ്നും ഇന്ന് കളിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച രഹാനെ വീണ്ടും ഞെട്ടിച്ചു. വരുണിന് പരിക്കാണെന്നും സുനില്‍ നരെയ്ന്‍ അസുഖബാധിതനാണെന്നുമായിരുന്നു രഹാനെയുടെ വിശദീകരണം. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് ടീമിലില്ലാലെ കൊല്‍ക്കത്ത ഒരു മത്സരത്തിനിറങ്ങുന്നത്.
മത്സരത്തില്‍ അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ ആദ്യ ഓവറില്‍ 12 റണ്‍സടിച്ച് കൊല്‍ക്കത്ത നല്ല തുടക്കമിട്ട. സേവിയര്‍ ബാർട്‌ലെറ്റ് എറിഞ്ഞ രണ്ടാം ഓവറായിരുന്നു സംഭവബഹുലമായത്. ഓഫ് സ്റ്റംപിന് പുറത്തേക്ക് സ്വിംഗ് ചെയ്ത ആദ്യ പന്തില്‍ വമ്പനടിക്ക് ശ്രമിച്ച ഫിന്‍ അലന്‍ പന്ത് എഡ്ജ് ചെയ്യാതെ രക്ഷപ്പെട്ടു. രണ്ടാം പന്തും ഓഫ് സ്റ്റംപിന് പുറത്തേക്ക് സ്വിംഗ് ചെയ്യുന്നതായിരുന്നു. ഈ പന്തില്‍ സ്കൂപ്പ് ഷോട്ടിന് ശ്രമിച്ച അലന് പിഴച്ചു. പന്തിന്‍റെ ദിശയിലേക്ക് നീങ്ങി സ്കൂപ്പ് ചെയ്യാൻ ശ്രമിച്ച അലന് പന്ത് കണക്ട് ചെയ്യാനായില്ല. പന്ത് അലന്റെ ശരീരത്തിൽ തട്ടി വിക്കറ്റ് കീപ്പറുടെ അടുത്തേക്ക് തെറിച്ചു. ഈ സമയം സിംഗിളിനായി നോൺ-സ്‌ട്രൈക്കർ അജിങ്ക്യ രഹാനെ ഓട്ടം തുടങ്ങിയതോടെ അലനും ആശയക്കുഴപ്പത്തിലായി.
പന്തുമായി ഓടിയെത്തിയ പഞ്ചാബ് വിക്കറ്റ് കീപ്പർ പ്രഭ്‌സിമ്രാൻ സിംഗ് വിക്കറ്റിലേക്ക് എറിഞ്ഞെങ്കിലും പന്ത് കൊണ്ടത് സിംഗിള്‍ തടായാനായി ക്രീസിലേക്ക് ഓടിയെത്തിയ സേവിയര്‍ ബാർട്ട്ലെറ്റിന്‍റെ മുതുകത്തായിരുന്നു. പ്രഭ്സിമ്രാന്‍റെ ഏറും അലന്‍റെ ഓട്ടവും മൈതാനത്ത് ചിരി പടർത്തി. എന്നാല്‍ വീണുകിട്ട ഭാഗ്യം അധികം നീട്ടാൻ അലന് കഴിഞ്ഞില്ല. മൂന്നാം പന്തിലും ബീറ്റണായതിന് പിന്നാലെ നാലാം പന്തില്‍ അലന്‍ പുറത്തായി.ബാർട്ട്ലെറ്റിന്റെ പന്തിൽ ഒരു ലോഫ്റ്റഡ് ഷോട്ടിന് ശ്രമിച്ച അലൻ ഔട്ട്‌സൈഡ് എഡ്ജായി പ്രഭ്‌സിമ്രാന് ക്യാച്ച് നല്‍കി മടങ്ങി. പിന്നാലെയെത്തിയ കാമറൂൺ ഗ്രീനും ആദ്യ പന്തിൽ തന്നെ എഡ്ജിലൂടെ ബൗണ്ടറി നേടിയെങ്കിലും അടുത്ത പന്തില്‍ പുറത്തായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!