Latest Videos

കോലി നയിച്ചു; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ലീഡ്, ഇനി പേസര്‍മാരുടെ ഊഴം

By Web TeamFirst Published Nov 23, 2019, 5:08 PM IST
Highlights

ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് 241 റണ്‍സിന്റെ ലീഡ്. ഒന്നാം ഇന്നിങ്‌സ് ബംഗ്ലാദേശ് ഉയര്‍ത്തിയ 106 റണ്‍സിനെതിരെ ഇന്ത്യ ഒമ്പതിന് 347 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

കൊല്‍ക്കത്ത: ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് 241 റണ്‍സിന്റെ ലീഡ്. ഒന്നാം ഇന്നിങ്‌സ് ബംഗ്ലാദേശ് ഉയര്‍ത്തിയ 106 റണ്‍സിനെതിരെ ഇന്ത്യ ഒമ്പതിന് 347 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സെഞ്ചുറി നേടിയ വിരാട് കോലി (136)യാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ചേതേശ്വര്‍ പൂജാര (55), അജിന്‍ക്യ രഹാനെ (51) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ബംഗ്ലാദേശിനായി അല്‍ അമീന്‍ ഹുസൈന്‍, ഇബാദത്ത് ഹുസൈന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. 

ക്യാപ്റ്റന്‍ വിരാട് കോലിയുടെ 27ാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു രണ്ടാം ദിവസത്തെ ഹൈലൈറ്റ്‌സ്. 194 പന്തില്‍ 18 ബൗണ്ടറകള്‍ ഉള്‍പ്പെടുന്നതാണ് കോലിയുടെ ഇന്നിങ്‌സ്. രഹാനെയ്‌ക്കൊപ്പം കൂട്ടിച്ചേര്‍ത്ത 99 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ട്. മൂന്നിന് 174 എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം ആരംഭിച്ചത്. എന്നാല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ രഹാനെ മടങ്ങി. രഹാനെയെ തയ്ജുല്‍ ഇസ്ലാമിന്റെ പന്തില്‍ ഇബാദത്ത് ഹുസൈന്‍ ക്യാച്ചെടുത്ത് പുറത്താക്കി. ഏഴ് ഫോര്‍ അടങ്ങുന്നതാണ് രഹാനെയുടെ ഇന്നിങ്‌സ്.

പിന്നാലെ എത്തിയവരില്‍ ആര്‍ക്കും പിങ്ക് പന്തില്‍ പിടിച്ചുനില്‍ക്കാനായില്ല. രവീന്ദ്ര ജഡേജ (12), ആര്‍ അശ്വിന്‍ (9), ഉമേഷ് യാദവ് (0), ഇശാന്ത് ശര്‍മ (0) എന്നിവര്‍ പെട്ടന്ന് മടങ്ങി. മായങ്ക് അഗര്‍വാള്‍ (14), രോഹിത് ശര്‍മ (21), ചേതേശ്വര്‍ പൂജാര എന്നിവരുടെ വിക്കറ്റുകള്‍ ഇന്നലെ നഷ്ടമായിരുന്നു. വൃദ്ധിമാന്‍ സാഹ (17), മുഹമ്മദ് ഷമി (10) എന്നിവര്‍ പുറത്താവാതെ നിന്നു.

നേരത്തെ, ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 106ന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ഇശാന്ത് ശര്‍മയാണ് സന്ദര്‍ശകരെ തകര്‍ത്തത്. ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇന്ത്യന്‍ പേസര്‍മാര്‍ ഇന്നും ആ പ്രകടനം തുടര്‍ന്നാല്‍ മത്സരം രണ്ടാം ദിനം അവസാനിക്കും.

click me!