
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പരാജയഭീതിയിലായ ഇന്ത്യൻ ടീമിന് മറ്റൊരു നാണക്കേടും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യ ഒരു വിദേശ ടെസ്റ്റില്‍ 500 ലേറെ റണ്‍സ് വഴങ്ങിയെന്ന മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ പേരിലായത്. നാലാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനം ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 544 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്.
ഇതിന് മുമ്പ് 2015ലെ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരെ സിഡ്നിയിലാണ് ഇന്ത്യ അവസാനമായി ഒരു ഇന്നിംഗ്സില്‍ 500 ലേറെ റണ്‍സ് വഴങ്ങിയത്. അന്ന് ഓസ്ട്രേലിയ ഇന്ത്യക്കെതിരെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 572 റണ്‍സാണ് സ്കോര്‍ ചെയ്തത്. മുഹമ്മദ് ഷമി അഞ്ച് വിക്കറ്റെടുത്ത മത്സരത്തില്‍ ഓസീസിനായി ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും സെഞ്ചുറികള്‍ നേടിയിരുന്നു. ആ മത്സരം പക്ഷെ സമനിലയായി.
എന്നാല്‍ മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെ 500 ലേറെ റണ്‍സ് വഴങ്ങിയ ഇന്ത്യ പരാജയഭീതിയിലാണ്. രണ്ട് ദിവസവും മൂന്ന് വിക്കറ്റും ബാക്കിയിരിക്കെ ഇംഗ്ലണ്ടിനിപ്പോൾ തന്നെ 186 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. പരമ്പരയില്‍ 2-1ന് പിന്നില്‍ നില്‍ക്കുന്ന ഇന്ത്യക്ക് ഈ ടെസ്റ്റ് സമനിലയെങ്കിലും ആക്കുക നിലവിലെ സാഹചര്യങ്ങളില്‍ എളുപ്പമായിരിക്കില്ല. പരിക്കുള്ള റിഷഭ് പന്തിന്‍റെ സേവനവും രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് പരിമിതമായി മാത്രമെ ലഭിക്കാനിടയുള്ളു.
പിച്ചിന്‍റെ ഒരു വശത്ത് പന്ത് അപ്രതീക്ഷിതമായി കുത്തി ഉയരുകയും മറുവശത്ത് താഴ്ന്നുപോകുകയും ചെയ്യുന്ന പിച്ചില്‍ നാലും അഞ്ചും ദിനങ്ങളില്‍ പിടിച്ചു നില്‍ക്കുക എന്നതാണ് ഇന്ത്യക്ക് മുന്നിലെ പ്രധാന വെല്ലുവിളി. നാലും അഞ്ചും ദിവസങ്ങളില്‍ മാഞ്ചസ്റ്ററില്‍ മഴപെയ്യാനുള്ള സാധ്യതയുണ്ടെങ്കിലും മഴ മൂലം കളി പൂര്‍ണമായും തടസപ്പെടാനിടയില്ല. അതേസമയം, മൂടിക്കെട്ടി അന്തരീക്ഷം ഇംഗ്ലീഷ് പേസര്‍മാര്‍ക്ക് അനുകൂലമാകുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക