
സെന്‍റ് കിറ്റ്സ്: വെസ്റ്റ് ഇന്‍ഡീസിനിതെരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന് പിന്നാലെ ടി20 പരമ്പരയും സ്വന്തമാക്കി ഓസ്ട്രേലിയ. അഞ്ച് മത്സര പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വിന്‍ഡീസിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഓസീസ് പരമ്പരയില്‍ 3-0ന് മുന്നിലെത്തിയത്.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പിന്‍റെ സെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സടിച്ചെങ്കിലും ടിം ഡേവിഡ് നേടിയ വെടിക്കെട്ട് സെഞ്ചുറിയുടെ ബലത്തില്‍ 16.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ ലക്ഷ്യത്തിലെത്തി. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 214-4, ഓസ്ട്രേലിയ 16. 1 ഓവറില്‍ 215-4.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനായി ക്യാപ്റ്റൻ ഷായ് ഹോപ്പ് 57 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെ നിന്നപ്പോൾ ഓപ്പണര്‍ ബ്രാന്‍ഡന്‍ കിംഗ് 36 പന്തില്‍ 62 റണ്‍സടിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 11.4 ഓവറില്‍ 125 റണ്‍സടിച്ചെങ്കിലും വിന്‍ഡീസ് നിരയില്‍ പിന്നീടാര്‍ക്കും വലിയ സ്കോര്‍ നേടാനായില്ല. ഷിമ്രോണ്‍ ഹെറ്റ്മെയര്‍(9), ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡ്(12), റൊവ്മാന്‍ പവല്‍(9, റൊമാരിയോ ഷെപ്പേര്‍ഡ(9*) എന്നിങ്ങനെയായിരുന്നു മറ്റ് വീന്‍ഡീസ് താരങ്ങളുടെ സംഭാവന.
മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റൻ മിച്ചല്‍ മാര്‍ഷും(19 പന്തില്‍ 22), ഗ്ലെന്‍ മാക്സ്‌വെല്ലും(7 പന്തില്‍ 20) 2.2 ഓവറില്‍ 30 റണ്‍സടിച്ച് വെടിക്കെട്ട് തുടക്കമിട്ടെങ്കിലും പവര്‍ പ്ലേ പിന്നിടുമ്പോള്‍ ജോഷ് ഇംഗ്ലിസിനെ കൂടി നഷ്ടമായതോടെ(6 പന്തില്‍ 15) ഓസീസ് 61-3 എന്ന നിലയില്‍ പതറി. കാമറൂണ്‍ ഗ്രീന്‍(14 പന്തില്‍ 11) പുറത്താവുമ്പോള്‍ ഓസീസ് സ്കോര്‍ 8.5 ഓവറില്‍ 87 റണ്‍സായിരുന്നു. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ മിച്ചല്‍ ഓവനും(16 പന്തില്‍ 36*) ടിം ഡേവിഡും തകര്‍ത്തടിച്ച് ഓസീസിനെ 16 ഓവറില്‍ വിജയവര കടത്തി.
പതിനേഴാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടത്തി 37 പന്തില്‍ ആദ്യ ടി20 സെഞ്ചുറിയും ഓസീസ് വിജയവും പൂര്‍ത്തിയാക്കിയത് ടിം ഡേവിഡായിരുന്നു. 16 പന്തിലാണ് ടിം ഡേവിഡ് അര്‍ധസെഞ്ചുറി തികച്ചത്. ടി20 ക്രിക്കറ്റില്‍ ടെസ്റ്റ് രാജ്യത്തിനെതിരെ ഒരു ബാറ്റര്‍ നേടുന്ന വേഗമേറിയ മൂന്നാമത്തെ സെഞ്ചുറിയാണിത്. ആറ് ഫോറും 11 സിക്സും അടങ്ങുന്നതാണ് ടിം ഡേവിഡിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സ്. മിച്ചല്‍ ഓവൻ രണ്ട് ഫോറും മൂന്ന് സിക്സും പറത്തി. പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!