
പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യയുടെ രവീന്ദ്ര ജഡേജ-കുല്‍ദീപ് യാദവ് ബൗളിംഗ് സഖ്യം. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യക്കായി ഏഴ് വിക്കറ്റ് വീഴ്ത്തുന്ന ഇടംകൈയന്‍ സ്പിന്‍ സഖ്യമെന്ന റെക്കോര്‍ഡാണ് കുല്‍ദീപും ജഡേജയും സ്വന്തമാക്കിയത്. വിന്‍ഡീസിനെതിരെ മൂന്നോവര്‍ മാത്രം എറിഞ്ഞ കുല്‍ദീപ് ആറ് റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ ജഡേജ 37 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തിരുന്നു.
പിച്ച് കണ്ടപ്പോള്‍ പേസര്‍മാരെ തുണക്കുന്നതാണെന്നാണ് കരുതിയതെന്നും എന്നാല്‍ പന്തെറിഞ്ഞ് തുടങ്ങിയപ്പോഴാണ് സ്പിന്നും ബൗണ്‍സുമുള്ള പിച്ചാണെന്ന് മനസിലായതെന്നും കുല്‍ദീപ് യാദവ് മത്സരശേഷം പറഞ്ഞു.ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 23 ഓവറില്‍ 114 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.പേസര്‍മാരായ മുകേഷ് കുമാര്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഇന്ത്യക്കായി ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ മുന്‍നിര തകര്‍ന്നടിഞ്ഞെങ്കിലും ഇഷാന്‍ കിഷന്‍റെ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ ജയിച്ചു കയറിയിരുന്നു. 115 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ഷാര്‍ദ്ദുല്‍ താക്കൂര്‍ എന്നിവര്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഏഴാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയത് മത്സരത്തിലെ മറ്റൊരു കൗതുകമായി.
12 വര്‍ഷത്തിനുശേഷം ആദ്യമായാണ് രോഹിത് ശര്‍മ ഏഴാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്നത്. എട്ടാം നമ്പറില്‍ ബാറ്റിംഗിനിറങ്ങാനിരുന്ന കോലിക്ക് ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നില്ല. പരമ്പരയിലെ രണ്ടാം മത്സരം ഇതേവേദിയില്‍ നാളെ നടക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏകദിന പരമ്പരക്കുശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലും ഇന്ത്യ കളിക്കുന്നുണ്ട്.