
മുംബൈ: മഹേല ജയവര്ധനെ മുംബൈ ഇന്ത്യന്സില് നിന്ന് പടിയിറങ്ങിയതോടെ, ഫ്രാഞ്ചൈസിയുടെ അടുത്ത ഹെഡ് കോച്ചിനായുള്ള തെരച്ചില് ആരംഭിച്ചു കഴിഞ്ഞു. ഫ്രാഞ്ചൈസിയുമായുള്ള ഏകദേശം പത്ത് വര്ഷത്തെ നീണ്ട ബന്ധത്തിന് ശേഷം ജയവര്ധനെ സ്ഥാനമൊഴിയാന് തീരുമാനിച്ചതായി ശനിയാഴ്ച മുംബൈ ഇന്ത്യന്സ് ഔദ്യോഗികമായി അറിയിച്ചു. ഹെഡ് കോച്ച് സ്ഥാനത്തേക്ക് ഉടമകള് അഞ്ച് പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും, അഭിമുഖ നടപടികള് ഞായറാഴ്ച മുതല് ആരംഭിക്കുമെന്നും മുംബൈ ഇന്ത്യന്സ് വൃത്തങ്ങള് വെളിപ്പെടുത്തി.
തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പേരില്, മുന് ചെന്നൈ സൂപ്പര് കിംഗ്സ് ബാറ്റിംഗ് കോച്ച് മൈക്കല് ഹസ്സി ഉള്പ്പെടെ രണ്ട് ഓസ്ട്രേലിയന് താരങ്ങളുമുണ്ട്. ഹസ്സിക്ക് പുറമെ ആരോണ് ഫിഞ്ച്, അഡ്രിയാന് ബിറെല്, മാര്ക്ക് ബൗച്ചര്, ഓയിന് മോര്ഗന് എന്നിവരാണ് അഭിമുഖത്തില് പങ്കെടുക്കുന്നതെന്ന് മുംബൈ ഇന്ത്യന്സ് വൃത്തങ്ങള് വ്യക്തമാക്കി. ഐപിഎല് 2027 ലേലത്തിന് അധികം സമയമില്ലാത്തതിനാല്, ജയവര്ധനെയുടെ പിന്ഗാമിയെ വരും ദിവസങ്ങളില് തന്നെ പ്രഖ്യാപിച്ചേക്കും.
ചെന്നൈ ഫ്രാഞ്ചൈസിയില് 9 വര്ഷത്തോളം പരിശീലകനായി പ്രവര്ത്തിച്ച പരിചയസമ്പത്തുള്ള മൈക്കല് ഹസ്സി തീര്ച്ചയായും മുന്നിരയിലുണ്ട്. 2021 ടി20 ലോകകപ്പില് ഓസ്ട്രേലിയയെ കിരീടത്തിലേക്ക് നയിച്ച ആരോണ് ഫിഞ്ചും പരിഗണനയിലുണ്ട്. വിവിധ ഐപിഎല് ഫ്രാഞ്ചൈസികള്ക്കായി കളിച്ച പരിചയം ടൂര്ണമെന്റിന്റെ ഘടനയെക്കുറിച്ചും ഇന്ത്യന് സാഹചര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ അദ്ദേഹത്തിന് നല്കുന്നു. മോര്ഗന്റെ കാര്യമെടുത്താല്, മുംബൈ ഇന്ത്യന്സിന്റെ ആക്രമണോത്സുക ശൈലിക്ക് അനുയോജ്യമായ സമീപനമാണ് അദ്ദേഹത്തിന്റേത്.
സൂപ്പര് താരങ്ങള് നിറഞ്ഞ ഇംഗ്ലണ്ട് ടീമിനെ നയിച്ചിട്ടുള്ളതിനാല്, രോഹിത് ശര്മ, ഹാര്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, സൂര്യകുമാര് യാദവ് തുടങ്ങി മുന്നിര താരങ്ങളുള്ള മുംബൈയുടെ ഡ്രസ്സിംഗ് റൂം കൈകാര്യം ചെയ്യാന് അദ്ദേഹം കൂടുതല് പ്രാപ്തനായിരിക്കും. 2023-2024 സീസണുകളില് മുംബൈ ഹെഡ് കോച്ചായി സേവനമനുഷ്ഠിക്കുകയും 2023 ലെ പ്ലേഓഫ് യോഗ്യതയ്ക്ക് നേതൃത്വം നല്കുകയും ചെയ്ത മാര്ക്ക് ബൗച്ചറും പട്ടികയിലുള്ള മറ്റൊരു പേരാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!