എന്താണീ വീഗന്‍ ഡയറ്റ്, കോലിക്ക് മാത്രമല്ല താരങ്ങള്‍ക്കെല്ലാമുണ്ട് പ്രത്യേക വിഭവങ്ങള്‍; 'രവീസി'ന്‍റെ അടുക്കള കാണാം

By Reshma VijayanFirst Published Dec 7, 2019, 8:11 PM IST
Highlights

ഇന്ത്യ-വിന്‍ഡീസ് ടി20 മത്സരം ഞായറാഴ്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കെ താരങ്ങള്‍ക്ക് രുചിയേറിയ ഭക്ഷണം ഒരുക്കുന്ന തിരക്കിലാണ് കോവളം 'രവീസ്' ഹോട്ടലിലെ ഷെഫുമാര്‍.  

തിരുവനന്തപുരം: 'കേരളത്തിലെത്തിയത് അനുഗ്രഹമായാണ് കാണുന്നത്. കേരളത്തിലേക്ക് വരാനും ഇവിടുത്തെ ആവേശം അടുത്തറിയാനും എനിക്ക് വളരെയധികം ഇഷ്ടമാണ്. എല്ലാവരും അനുഭവിച്ചറിയേണ്ടത് തന്നെയാണ് ഈ നാടിന്‍റെ സൗന്ദര്യം'...കഴിഞ്ഞ തവണ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിനെത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി തിരികെ മടങ്ങുമ്പോള്‍ കോവളത്തെ 'രവീസ്' ഹോട്ടലിന്‍റെ സന്ദര്‍ശക പുസ്തകത്തില്‍ കുറിച്ച വരികളാണിവ. രുചികരമായ ഭക്ഷണം തയ്യാറാക്കിയ 'രവീസി'ന്‍റെ സ്വാദിനെയും ഏറെ പുകഴ്ത്തിയ ശേഷമാണ് ടീമംഗങ്ങള്‍ മടങ്ങിയത്. ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കെ ടീമുകള്‍ക്ക് ഒരിക്കല്‍ കൂടി ആതിഥ്യമരുളുന്നതിന്‍റെ തിരക്കിലാണ് കോവളത്തെ 'രവീസ്' ഹോട്ടല്‍.

കളിക്കളത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരങ്ങള്‍ അവസാനവട്ട ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ അവര്‍ക്ക് വേണ്ട ഭക്ഷണം എന്താണെന്നതില്‍ 'രവീസി'ലെ ഷെഫുമാര്‍ക്ക് സംശയമില്ല. ഇന്ത്യന്‍ നായകന്‍ കോലിക്കും ടീമിനും വേണ്ടതെല്ലാം ഒരുക്കി താരങ്ങളുടെ വയറും മനസ്സും നിറയ്ക്കാന്‍ 'രവീസി'ലെ അടുക്കള തയ്യാറായി കഴിഞ്ഞു.

ടീമിലെ മറ്റു താരങ്ങള്‍ക്കായി മത്സ്യ, മാംസ വിഭവങ്ങള്‍ സമന്വയിപ്പിച്ചുള്ള ഭക്ഷണം തയ്യാറാക്കുമ്പോള്‍ നായകന്‍ കോലിക്ക് പ്രിയം വീഗന്‍ ഡയറ്റിനോടാണെന്ന് 'രവീസി'ലെ പ്രധാന ഷെഫ് സുരേഷ് പിള്ള പറയുന്നു. പ്യുവര്‍ വെജിറ്റേറിയനായ കോലി അനിമല്‍ പ്രൊഡക്റ്റുകള്‍ കഴിക്കാറില്ല. പാല്‍, തൈര്, നെയ്യ്, മത്സ്യം, മാംസം, മുട്ട എന്നിവ ഒഴിവാക്കി പച്ചക്കറികളും ഇലക്കറികളും മാത്രം ഉള്‍പ്പെടുത്തിയുള്ള ഭക്ഷണരീതിയാണ് അമേരിക്കയില്‍ രൂപംകൊണ്ട് പിന്നീട് ലോകത്തിന്‍റെ പലഭാഗങ്ങളിലേക്കും വ്യാപിച്ച വീഗന്‍ ഡയറ്റ്. പ്രോട്ടീന്‍ വിഭവമായ ടോഫുവാണ് കോലിക്കുള്ള ഭക്ഷണത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

തൈരും നെയ്യും ചേരാത്ത കേരള സദ്യയാണ് കോലിക്കായി ഒരുക്കുന്നത്. രവീസിലെ തോട്ടത്തില്‍ നട്ടുവളര്‍ത്തിയ ജൈവ പച്ചക്കറികളാണ് സദ്യ ഒരുക്കാന്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ തവണ ടീം രവീസിലെത്തിയപ്പോള്‍ കോലിക്കായി ഒരുക്കിയ വിഭവങ്ങളാണ് ഇത്തവണയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രഭാത ഭക്ഷണത്തിനൊപ്പം പശുവിന്‍ പാലിന് പകരം ബദാം പാല്‍ അല്ലെങ്കില്‍ സോയബീനിന്‍റെ പാലാണ് കോലി കുടിക്കുന്നത്. രണ്ടുതരം പാലും ഹോട്ടലില്‍ ഒരുക്കിയിട്ടുണ്ട്. തവിടില്ലാത്ത (ഗ്ലൂട്ടണ്‍ ഫ്രീ) ബ്രഡാണ് കോലി കഴിക്കുന്നത്. അവാക്കാഡോയും പച്ചമാങ്ങയും ചേര്‍ത്തുള്ള വെജിറ്റബിള്‍ സാലഡും കോലിയുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കോലി കഴിഞ്ഞ തവണ വന്നപ്പോള്‍ കഴിച്ച ഭക്ഷണത്തില്‍ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട വിഭവങ്ങളായ ബേബി കോണ്‍, സുക്കിനി, ബ്രോക്കൊളി, ബെല്‍ പെപ്പര്‍ എന്നിവ ഇത്തവണയും ‍ഡയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമുദ്ര വിഭവങ്ങളും കായല്‍ വിഭവങ്ങളുമാണ് മറ്റ് താരങ്ങള്‍ക്കായി ഒരുക്കുന്നത്. അഷ്ടമുടിക്കായല്‍, വിഴിഞ്ഞം എന്നിവിടങ്ങളില്‍ നിന്നുള്ള ഏറ്റവും ഫ്രഷ് ആയ ടൈഗര്‍ പ്രോണ്‍സ്, മഡ് ക്രാബ്, ലോബ്സ്റ്റര്‍ എന്നീ വിഭവങ്ങള്‍ ടീമിലെ മറ്റുള്ളവര്‍ക്കായി തയ്യാറാക്കും. ഇതിന് പുറമെ കാഞ്ഞിരോട്ടു കായലിലെ കരിമീന്‍, ചെമ്പല്ലി എന്നിവയും താരങ്ങളുടെ തീന്‍മേശയിലുണ്ടാകും. രവിശാസ്ത്രിയുടെ ഇഷ്ടവിഭവം കരിമീനും ഞണ്ടുമാണെന്നും കുല്‍ദീപ് യാദവിനും ഭുവനേശ്വര്‍ കുമാറിനും ചിക്കന്‍ വിഭവങ്ങളാണ് കൂടുതല്‍ ഇഷ്ടമെന്നും ഷെഫ് സുരേഷ് പിള്ള പറയുന്നു.

തേങ്ങാ വറുത്തരച്ച കോഴിക്കറി ഉള്‍പ്പെടെയുള്ള സൗത്ത് ഇന്ത്യന്‍ വിഭവങ്ങളും നോര്‍ത്ത് ഇന്ത്യന്‍ രുചിക്കൂട്ടുകളും അവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങള്‍ക്ക് ബക്ഷണം തയ്യാറാക്കാന്‍ മാത്രമായി പ്രഗത്ഭരായ ഷെഫുമാരുടെ സംഘം രവീസിന്‍റെ അടുക്കളയില്‍ സുസജ്ജമാണ്. ഇന്ത്യന്‍ ടീമിന് വേണ്ടി ഷെഫ് സുരേഷ് പിള്ളയുടെ നേതൃത്വത്തിലുള്ള ഷെഫുമാരാണ് ഭക്ഷണം തയ്യാറാക്കുന്നത്. വിന്‍ഡീസ് താരങ്ങള്‍ക്കായി ബാര്‍ബിക്യൂ ഉള്‍പ്പെടെ അധികം മസാല അടങ്ങാത്ത വിഭവങ്ങളാണ് ഒരുക്കുന്നത്. കോണ്ടിനന്‍റല്‍ വിഭവങ്ങള്‍ തയ്യാറാക്കാനായി പ്രത്യേക ഷെഫുമാരുമുണ്ട്. സ്നാപ്പര്‍, നെയ്മീന്‍ എന്നിവ ഗ്രില്‍ ചെയ്തതും കരിബീയന്‍ വിഭവങ്ങളില്‍പ്പെടും. കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഇത്തവണയും താരങ്ങള്‍ക്ക് സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കാനുള്ള ശ്രമത്തിലാണ് ഷെഫുമാര്‍.

"

click me!