കാര്‍ത്തികും റസ്സലും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് മക്കല്ലം; ഉടന്‍ പരിഹരിക്കണമെന്ന് മുന്‍ ഓസീസ് താരം

By Web TeamFirst Published Sep 7, 2020, 11:40 PM IST
Highlights

കഴിഞ്ഞ വര്‍ഷം ഏറെ പഴികേട്ട ക്യാപ്റ്റനാണ് കാര്‍ത്തിക്. തന്നെ വാലറ്റത്ത് കളിപ്പിക്കുന്നതിനോട് റസ്സലിന് യോജിപ്പില്ലായിരുന്നു.

മെല്‍ബണ്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാംപില്‍ ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തികും ഓള്‍റൗണ്ടര്‍ ആന്ദ്രേ റസ്സലും അത്ര രസത്തിലല്ല എന്നുള്ളത് പരസ്യമായ രഹസ്യമാണ്. കഴിഞ്ഞ വര്‍ഷം ഏറെ പഴികേട്ട ക്യാപ്റ്റനാണ് കാര്‍ത്തിക്. തന്നെ വാലറ്റത്ത് കളിപ്പിക്കുന്നതിനോട് റസ്സലിന് യോജിപ്പില്ലായിരുന്നു. ഇക്കാര്യം അദ്ദേഹം തുറുന്നുപറയുകയും ചെയ്തു. ക്യാപ്റ്റന്റെ മോശം തീരുമാനങ്ങളാണ് കൊല്‍ക്കത്തയെ പ്ലേ ഓഫിലെത്താതെ പുറത്താക്കിയതെന്ന് റസ്സല്‍ പറഞ്ഞിരുന്നു.

എന്നാല്‍ കാര്‍ത്തിക് ഇതിന് മറുപടിയും പറഞ്ഞിരുന്നു. ടീമിനുള്ളില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് കാര്‍ത്തിക് പ്രതികരിച്ചത്. റസ്സലുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും എല്ലാം നല്ല രീതിയിലാണെന്നുമാണ് കാര്‍ത്തിക് പറഞ്ഞ്. എന്നാല്‍ ഒരിക്കല്‍കൂടി ഈ വിഷയം തലപൊക്കുകയാണ്. മുന്‍ കൊല്‍ക്കത്ത താരമായ ബ്രാഡ് ഹോഗാണ് ഈ വിഷയം വീണ്ടും ചര്‍ച്ചയാക്കിയത്. 

കാര്‍ത്തികും റസ്സലും തമ്മിലുള്ള ബന്ധം നേര്‍വഴിക്കാണോയെന്ന് ഉറപ്പ് വരുത്തണമെന്നാണ് ഹോഗ് പറയുന്നത്. ''ടീമിനുള്ളില്‍ പൊരുത്തകേടുകളുണ്ടെങ്കില്‍ അത് മോശം ഫലമാണുണ്ടാക്കുക. കാര്യങ്ങള്‍ കൈവിട്ട് പോകും. അതുകൊണ്ട് റസ്സലും കാര്‍ത്തികും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കേണ്ടതായുണ്ട്.'' ഹോഗ് യുട്യൂബ് ചാനലില്‍ വ്യക്തമാക്കി. 

നേരത്തെ, കോച്ച് ബ്രണ്ടന്‍ മക്കല്ലവും ഇതിനെ കുറിച്ച് അഭിപ്രായം പറഞ്ഞിരുന്നു. കാര്‍ത്തികും റസ്സലും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ടീമിലെ പോരായ്മയെന്ന് മക്കല്ലം വ്യക്തമാക്കിയിരുന്നു.

click me!