കനിത്കര്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ ബാറ്റിംഗ് കോച്ച്; രമേഷ് പവാര്‍ ഇനി ലക്ഷ്മണിന് കീഴില്‍

By Web TeamFirst Published Dec 6, 2022, 4:47 PM IST
Highlights

കഴിഞ്ഞ ഏഴ് വര്‍ഷമായി അദ്ദേഹം വിവിധ ടീമുകളുടെ പരിശീലകനാണ്. രഞ്ജി ട്രോഫിയില്‍ ഗോവയെ പരിശീലിപ്പിച്ചാണ് തുടക്കം. പിന്നീട് മൂന്ന് വര്‍ഷക്കാലം തമിഴ്‌നാട് ടീമിനൊപ്പമുണ്ടായിരുന്നു

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഋഷികേഷ് കനിത്കറെ സീനിയര്‍ വനിതാ ടീമിന്റെ ബാറ്റിംഗ് കോച്ചായി നിയമിച്ചു. ഓസ്‌ട്രേലിയക്കെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരയ്ക്ക് മുമ്പ് അദ്ദേഹം സ്ഥാനമേറ്റെടുക്കും. ഡിസംബര്‍ ഒമ്പതിനാണ് പരമ്പര ആരംഭിക്കുന്നത്. 1997 മുതല്‍ 2000 വരെ ഇന്ത്യക്ക് വേണ്ടി രണ്ട് ടെസ്റ്റും 34 ഏകദിനങ്ങളും കളിച്ചിട്ടുണ്ട് കനിത്കര്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 10,000ല്‍ കൂടുതല്‍ റണ്‍സും നേടിയിട്ടുണ്ട്. 

കനിത്കര്‍ വരുന്നതോടെ വനിതാ ടീമിന്റെ മുഖ്യ പരിശീലകനായ രമേഷ് പവാന്‍ സ്ഥാനമൊഴിയും. അദ്ദേഹം വിവിഎസ് ലക്ഷ്മണിന് കീഴില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ സ്പിന്‍ കോച്ചായി സ്ഥാനമേറ്റെടുക്കും. ഡബ്ല്യൂ വി രാമന്റെ ഒഴിവില്‍ 2021 മേയ് മാസത്തിലാണ് പവര്‍ വനിതാ ടീമിന്റെ കോച്ചായിരുന്നത്. കോച്ചായി വിശാലമായ പരിചയസമ്പത്തുണ്ട് കനിത്കര്‍ക്ക്. 

കഴിഞ്ഞ ഏഴ് വര്‍ഷമായി അദ്ദേഹം വിവിധ ടീമുകളുടെ പരിശീലകനാണ്. രഞ്ജി ട്രോഫിയില്‍ ഗോവയെ പരിശീലിപ്പിച്ചാണ് തുടക്കം. പിന്നീട് മൂന്ന് വര്‍ഷക്കാലം തമിഴ്‌നാട് ടീമിനൊപ്പമുണ്ടായിരുന്നു. 2022 അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യ നേടുമ്പോഴും അദ്ദേഹമായിരുന്നു പരിശീലകന്‍. പിന്നീട് വിവിഎസ് ലക്ഷ്മണിന്റെ കീഴില്‍ കോച്ചിംഗ് സ്റ്റാഫായി. ഇന്ത്യയുടെ  ന്യൂസിലന്‍ഡ് പര്യടനത്തില്‍ അദ്ദേഹം ടീമിനൊപ്പമുണ്ടായിരുന്നു. 

ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കനിത്കറുടെ വാക്കുകള്‍... ''വനിതാ ടീമിന്റെ ബാറ്റിംഗ് കോച്ചാവാന്‍ കഴിയുന്നത് അഭിമാനമായി കാണുന്നു. മികച്ച താരങ്ങളുണ്ട് ടീമില്‍. പരിചയസമ്പന്നരും യുവതാരങ്ങളും അടങ്ങിയ ടീമിനെ ഒരുക്കുകയാണ് ലക്ഷ്യം. ടീം ഏത് വെല്ലുവളിയും സ്വീകരിക്കാന്‍ തയ്യാറാണ്.'' കനിത്കര്‍ പറഞ്ഞു. 

രമേഷ് പവാര്‍ വരുന്നതോടെ കാര്യങ്ങള്‍ സുഗമമാവുമെന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാദമി ഡയറക്റ്റര്‍ ലക്ഷ്മണ്‍ വ്യക്തമാക്കി. അദ്ദേഹത്തിന് വേണ്ടുവോളം പരിചയസമ്പത്തുണ്ടെന്നും മികച്ച സ്പിന്നര്‍മാരെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നും ലക്ഷ്മണ്‍ പറഞ്ഞു.

ഇത് ഡാന്‍സ് മാസ്റ്റർ റിച്ചു; സാക്ഷാല്‍ റൊണാള്‍ഡോയെ 'പ്രാവാട്ടം' പഠിപ്പിച്ച് റിച്ചാർലിസണ്‍- വീഡിയോ

click me!