ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ സ്പിന്‍ പരിശീലകന്‍; അഫ്ഗാനെതിരായ പരമ്പരയ്ക്ക് മുമ്പ് ടീമിനൊപ്പം ചേരും

Published : Jun 02, 2026, 07:51 PM IST
Sairaj Bahutule

Synopsis

മുന്‍ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ സൈരാജ് ബഹുതുലെയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പിന്‍ ബോളിങ് പരിശീലകനായി നിയമിച്ചു. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ടീമിനൊപ്പം ചേരുന്ന ബഹുതുലെ, ഗൗതം ഗംഭീര്‍ നയിക്കുന്ന പരിശീലക സംഘത്തിന്റെ ഭാഗമാകും.

ദില്ലി: അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ സൈരാജ് ബഹുതുലെയെ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ സ്പിന്‍ ബോളിങ് പരിശീലകനായി ബിസിസിഐ നിയമിച്ചു. ന്യൂ ചണ്ഡീഗഡില്‍ ശനിയാഴ്ചയാണ് അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് ആരംഭിക്കുന്നത്. കേരളം, ഗുജറാത്ത്, വിദര്‍ഭ, ബംഗാള്‍ എന്നീ ആഭ്യന്തര ടീമുകളുടെ മുഖ്യ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുള്ള ബഹുതുലെയ്ക്ക് വിപുലമായ പരിശീലന പരിചയമുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, ഏറ്റവും ഒടുവില്‍ ഐപിഎല്‍ 2026-ല്‍ പഞ്ചാബ് കിങ്‌സ് എന്നിവരുടെയും സ്പിന്‍ ബോളിങ് പരിശീലകനായിരുന്നു.

2022ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ബോളിങ് പരിശീലകനായിരുന്ന അദ്ദേഹം, 2024 ലോകകപ്പിലും ടീമിന്റെ ഭാഗമായിരുന്നു. 2021 മുതല്‍ 2024 വരെ ബിസിസിഐയുടെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പ്രധാന ചുമതലകള്‍ വഹിച്ച അദ്ദേഹം, ഇന്ത്യ എ ടീമിനൊപ്പവും രാഹുല്‍ ദ്രാവിഡിന് കീഴില്‍ സീനിയര്‍ ടീമിനൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. ''ഇന്ത്യന്‍ ടീമിന്റെ സ്പിന്‍ ബോളിങ് പരിശീലകനാകാന്‍ കഴിഞ്ഞത് വലിയൊരു ബഹുമതിയായി കാണുന്നു. കളിക്കാരനെന്ന നിലയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വലിയ അഭിമാനമായിരുന്നു, ഇനി പരിശീലകന്റെ റോളില്‍ ഇന്ത്യന്‍ ക്രിക്കറ്റിനായി സംഭാവന നല്‍കാന്‍ കഴിയുന്നത് ഏറെ സവിശേഷമായ കാര്യമാണ്.'' നിയമനത്തിന് ശേഷം ബഹുതുലെ പറഞ്ഞു.

ദേശീയ ടീമില്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍, ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കോട്ടക്, ഫാസ്റ്റ് ബോളിങ് പരിശീലകന്‍ മോണി മോര്‍ക്കല്‍, ഫീല്‍ഡിങ് പരിശീലകന്‍ ടി ദിലീപ്, അസിസ്റ്റന്റ് പരിശീലകന്‍ റയാന്‍ ടെന്‍ ഡോഷാട്ടെ എന്നിവരടങ്ങുന്ന സപ്പോര്‍ട്ട് സ്റ്റാഫിനൊപ്പമാകും ബഹുതുലെ ഇനി പ്രവര്‍ത്തിക്കുക. നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും നാല് തോല്‍വിയും ഒരു സമനിലയുമായി ഇന്ത്യ ആറാം സ്ഥാനത്താണ്. 2024-ല്‍ ന്യൂസിലാന്‍ഡിനെതിരെ 3-0 നും, 2025-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2-0 നും നാട്ടില്‍ ടെസ്റ്റ് പരമ്പരകള്‍ തോറ്റ ഇന്ത്യക്ക് ഈ മത്സരം ഏറെ നിര്‍ണായകമാണ്.

ഐപിഎല്‍ 2026 കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന ഈ അഫ്ഗാനിസ്ഥാന്‍ പരമ്പരയോടെയാണ് ഇന്ത്യയുടെ ഈ വര്‍ഷത്തെ റെഡ് ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. ജൂണ്‍ 6-ന് ആരംഭിക്കുന്ന ടെസ്റ്റിന് ശേഷം ജൂണ്‍ 14 മുതല്‍ 20 വരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും നടക്കും. ശുഭ്മന്‍ ഗില്ലാണ് ഇരു ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ടെസ്റ്റില്‍ കെ എല്‍ രാഹുലും ഏകദിനത്തില്‍ ശ്രേയസ് അയ്യരുമാണ് വൈസ് ക്യാപ്റ്റന്മാര്‍.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജു സാംസണ്‍ ഇല്ല! വൈഭവ് സൂര്യവംശി ഓപ്പണ്‍ ചെയ്യും, കൂടെ ശുഭ്മാന്‍ ഗില്ലും; ഐപിഎല്‍ ടീം തെരഞ്ഞെടുത്ത് അശ്വിന്‍
ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗോവയ്‌ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ വിജയം