ഇന്ത്യന്‍ സെലക്ടറാവാന്‍ അപേക്ഷ നല്‍കി മലയാളി പേസറും

By Web TeamFirst Published Nov 19, 2020, 8:18 PM IST
Highlights

ഇന്ത്യക്കായി 10 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള 53കാരനായ കുരുവിള 25 ഏകദിനങ്ങളിലും ഇന്ത്യക്കായി പന്തെറിഞ്ഞിട്ടുണ്ട്. 2008 മുതല്‍ 2012 വരെ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്‍റെ സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്നു കുരുവിള

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടറാവാന്‍ അപേക്ഷ നല്‍കി മലയാളിയും മുന്‍ ഇന്ത്യന്‍ താരവുമായിരുന്ന അബി കുരുവിളയും. മുംബൈയില്‍ നിന്ന് തന്നെയുള്ള മുന്‍ ഇന്ത്യന്‍ പേസറായ അജിത് അഗാര്‍ക്കല്‍ സെലക്ഷന്‍ കമ്മിറ്റിയിലെ ഒഴിവുള്ള മൂന്ന് സ്ഥാനങ്ങളിലേക്ക് അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് അബി കുരുവിളയും അപേക്ഷ നല്‍കിയത്. ഇരുവരും ഒരുപാട് കാലം മുംബൈക്കായി ഒരുമിച്ച് കളിച്ചവര്‍ കൂടിയാണ്.

ഇന്ത്യക്കായി 10 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള 53കാരനായ കുരുവിള 25 ഏകദിനങ്ങളിലും ഇന്ത്യക്കായി പന്തെറിഞ്ഞിട്ടുണ്ട്. 2008 മുതല്‍ 2012 വരെ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്‍റെ സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്നു കുരുവിള. 2012ല്‍ മുംബൈ ടീമിന്‍റെ ചീഫ് സെലക്ടറായും കുരുവിള പ്രവര്‍ത്തിച്ചിട്ടുണ്ട്. മദന്‍ ലാലിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ ഉപദേശക സമിതിയാണ് സെല്കഷന്‍ കമ്മിറ്റിയിലെ ഒഴിവുള്ള മൂന്ന് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുക. മുന്‍ ഇന്ത്യന്‍ താരങ്ങളായ ആര്‍ പി സിംഗും സുലക്ഷണ നായിക്കുമാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

ഈ വര്‍ഷമാദ്യം സെലക്ഷന്‍ കമ്മിറ്റിയിലെ രണ്ടു പേരുടെ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി സുനില്‍ ജോഷിയെയും ഹര്‍വിന്ദര്‍ സിംഗിനെയും ഉപദേശകസമിതി തെരഞ്ഞെടുത്തിരുന്നു. മേഖലാ അടിസ്ഥാനത്തിലായിരുന്നു ഇവരെ തെ‍രഞ്ഞെടുത്തത്. സെലക്ഷന്‍ കമ്മിറ്റിയിലേക്ക് അഗാര്‍ക്കര്‍ തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ കൂടുതല്‍ രാജ്യാന്തര മത്സരപരിചയം കണക്കിലെടുത്ത് അദ്ദേഹം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാവുമെന്നാണ് കരുതുന്നത്. അഗാര്‍ക്കര്‍ക്കും കുരുവിളക്കും പുറമെ മുന്‍ താരങ്ങളായ മനീന്ദര്‍ സിംഗ്, ചേതന്‍ ശര്‍മ, ശിവ് സുന്ദര്‍ ദാസ് എന്നിവരും സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളാവാന്‍ അപേക്ഷിച്ചിട്ടുണ്ട്.

ശരണ്‍ദീപ് സിംഗ്(നോര്‍ത്ത് സോണ്‍), ദേവാംഗ് ഗാന്ധി(ഈസ്റ്റ് സോണ്‍), ജതിന്‍ പരഞ്ജ്പെ(വെസ്റ്റ് സോണ്‍) എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയില്‍ കാലാവധി കഴിഞ്ഞവരായുള്ളത്. ഇവര്‍ക്ക് പകരമാണ് മൂന്ന് സെലക്ടര്‍മാരെ കൂടി ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നത്.

നിലവില്‍ മേഖലാ അടിസ്ഥാനത്തിലാണ് സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കുന്നതെങ്കിലും ലോധ കമ്മിറ്റി ശുപാര്‍ശ അനുസരിച്ച് മേഖലാ അടിസ്ഥാനത്തില്‍ സെലക്ടര്‍മാരെ തെരഞ്ഞെടുക്കണമെന്ന് പറയുന്നില്ല. ഏറ്റവും മികച്ച അഞ്ചുപേര്‍ എന്നു മാത്രമാണ് ലോധ കമ്മിറ്റി ശുപാര്‍ശയിലുള്ളത്. ഈ സാഹചര്യത്തില്‍ മേഖലാ അടിസ്ഥാനത്തില്‍ തന്നെ സെലക്ടര്‍മാരെ തെരഞ്ഞെടുക്കണോ എന്ന കാര്യത്തില്‍ ബിസിസിഐക്ക് ഇപ്പോഴും ആശയക്കുഴപ്പമുണ്ട്.

click me!