
അഹമ്മദാബാദ്: 2011ലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പ് നേടുന്നത്. ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് എം എസ് ധോണി കീഴിലുള്ള ടീം കിരീടമുയര്‍ത്തുന്നത്. 13 വര്‍ഷങ്ങളാകുന്നു ഇന്ത്യ ലോകകപ്പ് നേടിയിട്ട്. അന്ന് ഇന്ത്യയെ പരിശീലിപ്പിച്ചിരുന്നത് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഗാരി കേസ്റ്റണായിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ബാറ്റിംഗ് കോച്ചും മെന്ററുമാണ് കേസ്റ്റണ്‍.
ഇന്ത്യയുടെ ക്യാപ്റ്റനായിരുന്ന ധോണി തന്നെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനേയും നയിക്കുന്നത്. ഇന്ന് ഐപിഎല്ലില്‍ ചെന്നൈയും ഗുജറാത്തും നേര്‍ക്കുനേര്‍വരുന്നുണ്ട്. കേസ്റ്റണിന്റെയും ധോണിയുടേയും കൂടിചേരലിന് കൂടി സാക്ഷിയായി അഹമ്മദാബാദ്, നരേന്ദ്രമോദി സ്‌റ്റേഡിയം. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇരുവരും ലോകകപ്പിനെ കുറിച്ച് സംസാരിക്കുന്നുണ്ടാവുമെണ് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്.
കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഗുജറാത്ത് ടൈറ്റന്‍സ് ഇന്നിറങ്ങുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സാവട്ടെ കിരീടം തിരിച്ചുപിടിക്കാനും. കളിയിലും ക്യാപ്റ്റന്‍സിയും തഴക്കവും വഴക്കവും വന്ന മഹേന്ദ്ര സിംഗ് ധോണിയും ഓള്‍റൗണ്ട് മികവുമായി മുന്നില്‍നിന്ന് നയിക്കുന്ന ഹാര്‍ദിക് പണ്ഡ്യയും നേര്‍ക്കുനേര്‍. ഡേവിഡ് മില്ലറുടെ അഭാവം നികത്താനാവില്ലെങ്കിലും കെയ്ന്‍ വില്യംസന്റെ സ്ഥിരതയാര്‍ന്ന പ്രകടനം ടൈറ്റന്‍സിന് കരുത്താവും. ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ ഫോമില്‍. റാഷിദ് ഖാന്‍, ശിവം മാവി, അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി എന്നിവരുള്‍പ്പെട്ട ബൗളിംഗ് നിരയും സുസജ്ജം.
ഹാര്‍ദിക്കിന്റെയും രാഹുല്‍ തെവാത്തിയയുടേയും ഓള്‍റൗണ്ട് മികവുകൂടി ചേരുമ്പോള്‍ ടൈറ്റന്‍സിന് ആശങ്കകളൊന്നുമില്ല. റുതുരാജ് ഗെയ്ക്‌വാദ്, ബെന്‍ സ്റ്റോക്‌സ്, ഡെവോണ്‍ കോണ്‍വേ, ആംബാട്ടി റായ്ഡു എന്നിവരുടെ ബാറ്റിലേക്കാണ് സൂപ്പര്‍ കിംഗ്‌സ് ഉറ്റുനോക്കുന്നത്. മോയിന്‍ അലിയും രവീന്ദ്ര ജഡേജയും ശിവം ദുബേയും പന്തുകൊണ്ടും ബാറ്റുകൊണ്ടും കളിതിരിക്കാന്‍ ശേഷിയുള്ളവര്‍. ദീപക് ചഹറിനെയും മിച്ചല്‍ സാന്റ്‌നറെയും മാറ്റിമിര്‍ത്തിയാല്‍ ധോണിക്ക് വിശ്വസിച്ച് പന്തേല്‍പിക്കാവുന്ന ബൗളര്‍മാരില്ല എന്നതാണ് ചെന്നൈയുടെ ദൗര്‍ബല്യം. കഴിഞ്ഞ സീസണില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!