
മുംബൈ: ദീര്‍ഘകാലമായി ഇന്ത്യന്‍ ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങളാണ് വിരാട് കോലിയും രോഹിത് ശര്‍മയും. ടി20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇരുവരും മികച്ച ഫോമിലൊന്നുമല്ല. ദിവസങ്ങള്‍ ചെല്ലന്തോറും ഇരുവരുടേയും പ്രകടനം താഴോട്ടാണ്. സ്ഥിരത പുലര്‍ത്താന്‍ രണ്ട് താരങ്ങള്‍ക്കും സാധിക്കുന്നില്ല. പുറത്താവട്ടെ യുവതാരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുന്നു. ഇരുവരും ടി20 ലോകകപ്പിന് കുട്ടിക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടല്‍. മുന്‍ ഇന്ത്യന്‍ പരിശീലകനും ഇപ്പോള്‍ കമന്റേറ്ററുമായ രവി ശാസ്ത്രിയും ഇതുതന്നെയാണ് പറയുന്നത്.
ടി20 ലോകകപ്പിന് ശേഷം ഇരുവരും വിരമിക്കുമെന്ന് ശാസ്ത്രി വ്യക്തമാക്കി. ശാസ്ത്രിയുടെ വാക്കുകള്‍.. ''ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഈ ലോകകപ്പോടെ അന്താരാഷ്ട്ര ട്വന്റി 20യില്‍ നിന്ന് വിരമിക്കുമെന്നാണ് ഞാന്‍ കണക്കുകൂട്ടുന്നത്. അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് മുന്നില്‍ കണ്ടായിരിക്കും ഇരുവരുടേയും പടിയിറക്കം. പരിചയസമ്പത്തും യുവത്വവും നിറഞ്ഞ ഇപ്പോഴത്തെ ട്വന്റി 20 ടീം അതിശക്തരാണ്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബാറ്റിംഗ് നിരയാണ് ഇപ്പോഴുള്ളത്.'' ശാസ്ത്രി വ്യക്തമാക്കി.
അടുത്ത വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനില്‍? നിര്‍ണായക സൂചന പുറത്ത്
സൂര്യകുമാര്‍ ഇന്ത്യയുടെ എക്‌സ് ഫാക്റ്ററാണെന്നും ശാസ്ത്രി വ്യക്തമാക്കി. ''ഹാര്‍ദിക് പാണ്ഡ്യ അഞ്ചും ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത് എന്നിവരില്‍ ഒരാള്‍ ആറും സ്ഥാനത്ത് എത്തുന്നത് ഇന്ത്യക്ക് കെട്ടുറപ്പ് നല്‍കും. സൂര്യകുമാര്‍ യാദവിന്റെ അനായാസ ബാറ്റിംഗാണ് ബാംറ്റിംഗ് നിരയുടെ എക്‌സ് ഫാക്ടര്‍. ലോകകപ്പ് നേടണമെങ്കില്‍ ഇന്ത്യ ഫീല്‍ഡിംഗില്‍ കൂടുതല്‍ മികവ് പുലര്‍ത്തണം.'' പറഞ്ഞു.
ഏഷ്യാ കപ്പില്‍ ശ്രീലങ്ക പുറത്തെടുത്ത ഫീല്‍ഡിംഗ് പ്രകടനം മാത്രം നോക്കു. അത്തരം പ്രകടനങ്ങളാണ് കീരീടങ്ങള്‍ സമ്മാനിക്കുന്നത്. ഫൈനലില്‍ അവര്‍ പാക്കിസ്ഥാനെതിരെ ഫീല്‍ഡിംഗില്‍ പുറത്തെടുത്ത മികവാണ് അവരെ കിരീട നേട്ടത്തിലേക്ക് നയിച്ചത്. അതുപോലെ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമെല്ലാം ഫീല്‍ഡില്‍ പറന്നുപിടിക്കുന്നവരാണെന്നും ശാസ്ത്രി പറഞ്ഞു.