
മുംബൈ: ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ഒഴിവാക്കിയാണ് ബിസിസിഐ വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ട താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ബിസിസിഐ നിര്‍ദേശം അവഗണിച്ച് രഞ്ജി ട്രോഫിയില്‍ നിന്ന് മുങ്ങിയതാണ് ഇരുവരേയും പുറത്താക്കാന്‍ കാരണമായത്. ബിസിസിഐയുടെ തീരുമാനത്തെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. നല്ല തീരുമാനമെന്ന് മുന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി. രവി ശാസ്ത്രിയും തിരുമാനത്തെ പിന്തുണച്ചിരുന്നു.
സംഭവത്തെ മറ്റൊരു വീക്ഷണകോണില്‍ കാണാന്‍ മുന്‍ താരം മദന്‍ ലാല്‍ ആഗ്രഹിക്കുന്നത്. അദ്ദേഹം പറയുന്നതിങ്ങനെ... ''ബിസിസിഐ അവരോട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാന്‍ പറഞ്ഞാല്‍ പോയി കളിക്കണമായിരുന്നു. കളിയേക്കാള്‍ വലുത് ആരുമില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്നത് നിര്‍ബന്ധമാക്കിയതിന്റെ ക്രെഡിറ്റ് ബിസിസിഐക്ക് നല്‍കണം. ഐപിഎല്‍ കാരണം ഇന്നത്തെ താരങ്ങള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനെ നിസാരമായി കാണുന്നു. തീര്‍ച്ചയായും ഓരോ കളിക്കാരനും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കണം.'' മദന്‍ ലാല്‍ പറഞ്ഞു.
''അവര്‍ ഫിറ്റാണെങ്കില്‍ അവര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കണം. ഫിറ്റ്‌നസ് ആണ് പ്രധാനം. എന്നാല്‍ ഐപിഎല്ലിലെ നല്ല സീസണ്‍ എപ്പോഴും ഗുണം ചെയ്യും. അവരുടെ കഴിവില്‍ സംശയമില്ല. എന്നാല്‍ താരങ്ങള്‍ അച്ചടക്കമുള്ളവരാണെന്ന് ബിസിസിഐ ഉറപ്പാക്കുന്നത് നല്ല കാര്യമാണ്.'' മദന്‍ലാല്‍ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്ന് പുറത്തുപോയ കിഷന്‍ ഡിസംബര്‍ മുതല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നില്ല. രഞ്ജി ട്രോഫി കളിക്കാന്‍ ബിസിസിഐയുടെ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നിട്ടും ഇരുവരും ചെവികൊണ്ടില്ല. ഇതുതന്നെയാണ് ബിസിസിഐ ചൊടിപ്പിച്ചത്. ശ്രേയസ് ഒടുവില്‍ രഞ്ജി ട്രോഫി സെമി ഫൈനലില്‍ മുംബൈക്ക് വേണ്ടി കളിക്കാമെന്നേറ്റിരുന്നു.