വീണ്ടും ഇന്ത്യന്‍ പരിശീലകനാവണം; മുന്‍ ഇന്ത്യന്‍ താരം അപേക്ഷ സമര്‍പ്പിച്ചു

By Web TeamFirst Published Jul 31, 2019, 1:50 PM IST
Highlights

മറ്റൊരു മുന്‍ ഇന്ത്യന്‍ താരം കൂടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ അപേക്ഷ സമര്‍പ്പിച്ചു. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ലാല്‍ചന്ദ് രജപുതാണ് അപേക്ഷ നല്‍കിയത്. 2007ല്‍ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടുമ്പോള്‍ ടീമിന്റെ പരിശീലകനായിരുന്നു രജ്പുത്.

മുംബൈ: മറ്റൊരു മുന്‍ ഇന്ത്യന്‍ താരം കൂടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ അപേക്ഷ സമര്‍പ്പിച്ചു. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ലാല്‍ചന്ദ് രജ്പുതാണ് അപേക്ഷ നല്‍കിയത്. 2007ല്‍ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടുമ്പോള്‍ ടീമിന്റെ പരിശീലകനായിരുന്നു രജ്പുത്. അപേക്ഷ നല്‍കേണ്ട അവസാന ദിവസമാണ് രജ്പുത് അവതരിച്ചത്. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ റോബിന്‍ സിംഗും പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നു.

പരിശീലകനായി ഏറെ അനുഭവസമ്പത്തുണ്ട് മുംബൈക്കാരന്. അഫ്ഗാനിസ്ഥാന്‍, സിംബാബ്‌വെ ടീമുകളുടെ പരിശീലകനായിരുന്നു രജ്പുത്. ഇദ്ദേഹത്തിന്റെ കീഴിലാണ് അഫ്ഗാന്‍ ക്രിക്കറ്റ് ടീം ഐസിസിയുടെ മുഴുവന്‍ സമയ അംഗത്വം നേടിയത്. അവസാനം പരിശീലിപ്പിച്ച സിംബാബ്‌വെയെ ഐസിസി വിലക്കിയതോടെ പുതിയ ജോലിക്കായി ശ്രമിക്കുകയായിരുന്നു. 2008 ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ പരിശീലിപ്പിച്ചതും രജ്പുത് ആയിരുന്നു.  

നിലവില്‍ കാനഡയില്‍ നടന്നുകൊണ്ടിരിക്കുന്ന ഗ്ലോബല്‍ കാനഡ ടി20 ലീഗില്‍ വിന്നിപെഗ് ഹോക്‌സിനെ പരിശീലിപ്പിക്കുന്നതും രജ്പുതാണ്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ലെവല്‍ ത്രീ കോച്ചിംഗ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.

click me!