ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളാകാന്‍ മുന്‍ താരങ്ങളുടെ ഒഴുക്ക്

By Web TeamFirst Published Nov 29, 2022, 3:23 PM IST
Highlights

അപേക്ഷ നല്‍കിയവരുമായി അഭിമുഖം നടത്തുന്നതിന് ക്രിക്കറ്റ് ഉപദേശക സമിതിയെ ബിസിസിഐ ഉടന്‍ നിയമിക്കും. ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയാകും അഞ്ച് അംഗ സമിതിയുടെ ആദ്യ വെല്ലുവിളി.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി അംഗമാകാന്‍ കൂട്ടത്തോടെ അപേക്ഷ നല്‍കി മുന്‍ താരങ്ങള്‍. നയന്‍ മോംഗിയ, മനീന്ദര്‍ സിംഗ്, ശിവ് സുന്ദര്‍ ദാസ്, അജയ് രാത്ര, നിഖില്‍ ചോപ്ര, ഹേമങ് ബദാനി, സലില്‍ അങ്കോള, സമീര്‍ ദിഗേ തുടങ്ങി എണ്‍പതോളം പേരാണ് അപേക്ഷ നല്‍കിയത് അപേക്ഷ നല്‍കാനുള്ള സമയപരിധി ഇന്നലെ വൈകീട്ട് അവസാനിച്ചു. അതേസമയം മുഖ്യ സെലക്ടര്‍ ആകുമെന്ന് പ്രചരിക്കപ്പെട്ടിരുന്ന അജിത് അഗാര്‍ക്കര്‍ അപേക്ഷ നല്‍കിയില്ലെന്നാണ് വിവരം.

അപേക്ഷ നല്‍കിയവരുമായി അഭിമുഖം നടത്തുന്നതിന് ക്രിക്കറ്റ് ഉപദേശക സമിതിയെ ബിസിസിഐ ഉടന്‍ നിയമിക്കും. ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയാകും അഞ്ച് അംഗ സമിതിയുടെ ആദ്യ വെല്ലുവിളി. അഞ്ച് വര്‍ഷം മുമ്പെങ്കിലും വിരമിച്ച താരങ്ങളെ മാത്രമേ ചുമതലകളിലേക്ക് പരിഗണിക്കൂ. ടീം ഇന്ത്യക്കായി ഏഴ് ടെസ്റ്റുകളോ 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളോ 10 ഏകദിനങ്ങള്‍ക്കൊപ്പം 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളോ കളിച്ചിട്ടുള്ളവര്‍ക്കാണ് സെലക്ഷന്‍ കമ്മിറ്റി അംഗമാകാന്‍ കഴിയുക. മറ്റ് കമ്മിറ്റികളിലൊന്നും അംഗമായുള്ളവര്‍ക്ക് ഇതിലേക്ക് അപേക്ഷിക്കാനാവില്ല. നാല് വര്‍ഷ കാലാവധിയാണ് സാധാരണയായി സീനിയര്‍ ടീം സെലക്ടര്‍ക്ക് ലഭിക്കാറ്. 

ടി20 ലോകകപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെയാണ് ബിസിസിഐ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയെ പുറത്താക്കിയത്. ചേതന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള നാലംഗ കമ്മിറ്റിയിലെ എല്ലാവരുടേയും കസേര തെറിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഫൈനലിലെത്താതെ പുറത്തായതില്‍ സെലക്ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ പുതിയ സെലക്ഷന്‍ കമ്മിറ്റിയെ ക്ഷണിക്കുന്നതായി ബിസിസിഐ അറിയിക്കുകയായിരുന്നു. 

ഇത്തവണ മാത്രമല്ല, കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലും ടീം ഇന്ത്യയെ ഫൈനലിലെത്തിക്കാന്‍ പ്രാപ്തിയുള്ള ടീമിനെ തെരഞ്ഞെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റിക്കായിരുന്നില്ല. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ടീം ഇന്ത്യ തോല്‍ക്കുകയും ചെയ്തു. ഇതിനൊപ്പം ഏഷ്യാ കപ്പ് തോല്‍വിയും സെലക്ടര്‍മാര്‍ക്ക് പാരയായി. ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മയ്ക്ക് പുറമെ സുനില്‍ ജോഷി, ഹര്‍വീന്ദര്‍ സിംഗ്, ദേവാശിഷ് മൊഹന്തി എന്നിവരായിരുന്നു സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളായി ഉണ്ടായിരുന്നത്.

ലോകകപ്പ് ചട്ടം ലംഘിച്ചു: ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയ്‌ക്കെതിരെ നടപടിയെടുത്തേക്കും

click me!