അയാള്‍ക്ക് ഇന്ത്യന്‍ ടീമിനെ രക്ഷിക്കാനാവും; ദ്രാവിഡിനെ ഓസ്‌ട്രേലിയയിലേക്ക് അയക്കാന്‍ നിര്‍ദേശിച്ച് മുന്‍താരം

By Web TeamFirst Published Dec 20, 2020, 5:06 PM IST
Highlights

പിങ്ക് പന്തില്‍ കളിച്ച ടെസ്റ്റില്‍ പന്തിന്റെ ദിശ അറിയാന്‍ പോലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ബുദ്ധിമുട്ടി. ഓസീസ് പേസര്‍മാരുടെ അവരുടെ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ടീം ഇന്ത്യ എട്ട് വിക്കറ്റിന്റെ തോല്‍വി രുചിച്ചു. 

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം തകരുന്ന പ്രകടനമാണ് ഓസീസിനെതിരെ ആദ്യ ടെസ്റ്റില്‍ താരങ്ങള്‍ പുറത്തെടുത്തത്. പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിര രണ്ടാം ഇന്നിങ്‌സില്‍ കേവലം 36 റണ്‍സിന് കൂടാരം കയറി. പിങ്ക് പന്തില്‍ കളിച്ച ടെസ്റ്റില്‍ പന്തിന്റെ ദിശ അറിയാന്‍ പോലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ബുദ്ധിമുട്ടി. ഓസീസ് പേസര്‍മാരുടെ അവരുടെ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ടീം ഇന്ത്യ എട്ട് വിക്കറ്റിന്റെ തോല്‍വി രുചിച്ചു. 

ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ മോശം പ്രകടനത്തിന് പരിഹാരം കാണാന്‍ ഒരു വഴി നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെങ്‌സര്‍ക്കാര്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെ ഓസ്‌ട്രേലിയയിലേക്ക് അയക്കണമെന്നാണ് വെങ്‌സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ സഹായിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. 

നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡിനെ ഓസ്‌ട്രേലിയയിലേക്ക് അയക്കുന്നതിനെ കുറിച്ച് വെങ്‌സര്‍ക്കാര്‍ പറയുന്നതിങ്ങനെ... ''കവിഞ്ഞ ഒമ്പത് മാസമായി എന്‍സിഎ അടച്ചിട്ടിരിക്കുയാണ്. അദ്ദേഹത്തിനെ ഇന്ത്യന്‍ ടീമിനടുത്തേക്ക് അയക്കുന്നതില്‍ കുഴപ്പമൊന്നും കാണുന്നില്ല. ദ്രാവിഡിന് ഇന്ത്യന്‍ താരങ്ങളെ സഹായിക്കാന്‍ കഴിഞ്ഞേക്കും. നെറ്റ്സില്‍ ഇന്ത്യന്‍ ടീം അംഗങ്ങളുടെ ആത്മവിശ്വാസം കൂട്ടാന്‍ ദ്രാവിഡിന്റെ വരവിനാവും.  ഇതിലൂടെ ദ്രാവിഡിന്റെ സേവനം മികച്ച രീതിയില്‍ ബോര്‍ഡിന് പ്രയോജനപ്പെടുത്താം.

അവിടെയെത്തി രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ പോലും മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ദ്രാവിഡിന്റെ സേവനം ഉപയോഗപ്പെടുത്താം. ഓസ്ട്രേലിയയിലേത് പോലെ പന്തില്‍ ചലനമുണ്ടാവുന്ന സാഹചര്യങ്ങളില്‍ എങ്ങനെ കളിക്കണം എന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ദ്രാവിഡിനേക്കാള്‍ കഴിവുള്ള മറ്റൊരാളില്ല.'' വെങ്‌സര്‍ക്കാര്‍ പറഞ്ഞുനിര്‍ത്തി.

ജനുവരി ഏഴിന് ആണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ഓസ്ട്രേലിയയില്‍ ആകെ കളിച്ച 16 ടെസ്റ്റില്‍ നിന്ന് 1166 റണ്‍സ് ദ്രാവിഡ് നേടിയിട്ടുണ്ട്. 2003ല്‍ അഡ്ലെയ്ഡില്‍ ഇന്ത്യ ടെസ്റ്റ് ജയിക്കുമ്പോള്‍ ദ്രാവിഡ് ആയിരുന്നു ഹീറോ. 233, 72 എന്നിങ്ങനെയായിരുന്നു ദ്രാവിഡിന്റെ സ്‌കോര്‍.

click me!