ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് കഴിഞ്ഞ തവണത്തെ നിലവാരമില്ല; വിമര്‍ശനമുന്നയിച്ച് മുന്‍ പാക് താരം

By Web TeamFirst Published Dec 20, 2020, 4:47 PM IST
Highlights

 മുന്‍ പാകിസ്ഥാന്‍ താരവും കമന്റേറ്ററുമായ റമീസ് രാജയാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് നിലവാരമില്ലെന്നാണ് രാജയുടെ പക്ഷം.

അഡ്‌ലെയ്ഡ്: ഓസീസിനെതിരെ ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് ശേഷം കടുത്ത വിമര്‍ശനങ്ങളാണ് ഇന്ത്യന്‍ ടീമിനെതിരെ ഉയരുന്നത്. മുന്‍ താരങ്ങളെല്ലാം അവരവരുടെ അഭിപ്രായങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു. ഇപ്പോഴിതാ പാകിസ്ഥാനില്‍ നിന്നും ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ കുറിച്ച് നല്ലതൊന്നുമല്ല കേള്‍ക്കുന്നത്. മുന്‍ പാകിസ്ഥാന്‍ താരവും കമന്റേറ്ററുമായ റമീസ് രാജയാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് നിലവാരമില്ലെന്നാണ് രാജയുടെ പക്ഷം.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം കടുത്ത വിമര്‍ശനം ഉന്നയിച്ചത്. ഓസീസ് ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞെന്നും അവരെ എതിരിടാനുള്ള ശക്തി ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനില്ലെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. രാജയുടെ വാക്കുകളിങ്ങനെ... ''ഓസ്ട്രേലിയയെ അവരുടെ നാട്ടില്‍ വിരട്ടിയ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള ഒരേയൊരു ടീമായിരുന്നു ഇന്ത്യ. ശക്തമായ ബാറ്റിങ് നിരയായിരുന്നു അതിന്റെ പ്രധാന കാരണം. എന്നാല്‍ കഴിഞ്ഞ തവണ പര്യടനം നടത്തിയ ബാറ്റ്‌സ്മാന്മാരേക്കാള്‍ മോശമാണ് ഇപ്പോഴത്തേത്. ഒരുപാട് പോരായ്മകള്‍ ഇപ്പോഴത്തെ താരങ്ങളില്‍ കാണുന്നുണ്ട്. സാങ്കേതികമായി ആരും മികവിലേക്ക് ഉയരുന്നില്ല.

ചില താരങ്ങള്‍ക്ക് ഓസീസ് പേസിനെതിരെ പിടിച്ചുനില്‍ക്കാന്‍ പോലും സാധിക്കുന്നില്ല. ഓസീസ് പേസര്‍മാരുടെ ഉയരം അവര്‍ക്ക് ഗുണം ചെയ്തു. ബാറ്റിന്റെ എഡ്ജില്‍ ഉരസുന്ന തരത്തില്‍ ബോളില്‍ മൂവ്മെന്റ് വരുത്താനും അവര്‍ക്കു നിരന്തരം സാധിച്ചു. ഫ്രണ്ട് ഫൂട്ടിലോ, ബാക്ക് ഫൂട്ടിലോ കളിക്കാന്‍ കഴിയാത്ത തരത്തിലുള്ള ലെങ്തിലായിരുന്നു ഓസീസ് ബൗളര്‍മാരുടേത്.

വിരാട് കോലിയെപ്പോലെയുള്ള രണ്ടോ മൂന്നു താരങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യക്കു രക്ഷപ്പെടാമായിരുന്നു.'' രാജ വ്യക്തമാക്കി. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റിന്റെ അനായാസ ജയമാണ് ഓസീസ് സ്വന്തമാക്കിയത്. പിങ്ക് ബോള്‍ ടെസ്റ്റിന്റെ രണ്ടാമിന്നിങ്സില്‍ ഇന്ത്യ വെറും 36 റണ്‍സിന് തകരുകയായിരുന്നു.

click me!