മുന്‍ കേരളാ താരം അനന്തപത്മനാഭന്‍ ഐസിസി രാജ്യാന്തര അംപയര്‍മാരുടെ പട്ടികയില്‍

By Web TeamFirst Published Aug 10, 2020, 2:42 PM IST
Highlights

ഐസിസിയുടെ രാജ്യന്തര അംപയര്‍മാരുടെ പട്ടികയില്‍ ഇടംനേടി മുന്‍ കേരള ക്രിക്കറ്റ് താരം കെ എന്‍  അനന്തപത്മനാഭന്‍. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം പുറത്തുവിട്ടത്.

തിരുവനന്തപുരം: ഐസിസിയുടെ രാജ്യന്തര അംപയര്‍മാരുടെ പട്ടികയില്‍ ഇടംനേടി മുന്‍ കേരള ക്രിക്കറ്റ് താരം കെ എന്‍  അനന്തപത്മനാഭന്‍. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം പുറത്തുവിട്ടത്. ദീര്‍ഘകാലം ഐപിഎല്ലിലും മറ്റു അഭ്യന്തര മത്സരങ്ങളിലും അംപയറായിരുന്നു തിരുവനന്തപുരത്തുകാരന്‍. 50 വയസിലാണ് അനന്തപത്മനാഭന്‍ നേട്ടം സ്വന്തമാക്കുന്നത്. 

സി ഷംസുദ്ദീന്‍, അനില്‍ ചൗധരി, വിരേന്ദര്‍ ശര്‍മ എന്നിവരാണ് രാജ്യാന്തര പാനലിലുള്ള മറ്റ് അംപയര്‍മാര്‍. നിതിന്‍ മേനോന്‍ ഐസിസിയുടെ എലൈറ്റ് പാനലിലുണ്ട്. ഒരുകാലത്ത് കേരള ക്രിക്കറ്റിന്റെ മേല്‍വിലാസമായിരുന്നു അനന്തപത്മനാഭന്‍. മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടും ഒരിക്കല്‍പോലും ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കാന്‍ അദ്ദേഹത്തിനായില്ല. ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെ ഇന്ത്യന്‍ ടീമില്‍ സ്ഥിരം സാന്നിധ്യമായതുകൊണ്ടാണ് അനന്തപത്മനാഭന് വഴിയടഞ്ഞതെന്നുള്ള സംസാരം അന്നുണ്ടായിരുന്നു. 

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 105 മത്സരങ്ങളില്‍ നിന്ന് 344 വിക്കറ്റും 2891 റണ്‍സും അനന്തപത്മനാഭന്‍ സ്വ്ന്തമാക്കി. 54 ലിസ്റ്റ് എ മത്സരങ്ങളില്‍ 87 വിക്കറ്റും 493 റണ്‍സും സ്വന്തം പേരില്‍ ചേര്‍ത്തു.

click me!