അഭിഷേക് ശർമ്മയുടെ ബാറ്റിംഗ് ശൈലിയിൽ ഒട്ടും സ്ഥിരതയില്ലെന്ന് ആമിർ പറഞ്ഞു. അഭിഷേക് ശർമ്മ ഒരു സ്ലോഗർ മാത്രമാണ്. എല്ലാ പന്തും അടിച്ചു പറത്താനാണ് അവൻ നോക്കുന്നത്.

കൊളംബോ: ഞായറാഴ്ച കൊളംബോയിൽ നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിന് മുമ്പ് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശർമ്മയെ പരിഹസിച്ച് മുന്‍ പാക് പേസര്‍ മുഹ്ഹമദ് ആമിര്‍. അഭിഷേകിന് സാങ്കേതികത്തികവില്ലെന്നും വെറുമൊരു സ്ലോഗറാണ് അഭിഷേകെന്നും ഒരു പാകിസ്ഥാനി ടിവി ഷോയിൽ സംസാരിക്കവെആമിർ പറഞ്ഞു. ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള താരമാണ് അഭിഷേക് എന്നതൊന്നും തനിക്കൊരു പ്രശ്നമല്ലെന്നും ആമിർ വ്യക്തമാക്കി.

അഭിഷേക് ശർമ്മയുടെ ബാറ്റിംഗ് ശൈലിയിൽ ഒട്ടും സ്ഥിരതയില്ലെന്ന് ആമിർ പറഞ്ഞു. അഭിഷേക് ശർമ്മ ഒരു സ്ലോഗർ മാത്രമാണ്. എല്ലാ പന്തും അടിച്ചു പറത്താനാണ് അവൻ നോക്കുന്നത്. പന്ത് കണക്ട് ആയാൽ ആയാൽ റണ്‍സ് കിട്ടും, ഇല്ലെങ്കിൽ പുറത്താകാനുള്ള സാധ്യത വളരെ കൂടുതലാണ്. എട്ട് ഇന്നിംഗ്സ് കളിച്ചാൽ ഒന്നിൽ മാത്രമായിരിക്കും അവൻ സ്കോർ ചെയ്യുന്നത്. ബാക്കിയുള്ളവയിൽ 10, 15, 20 എന്നിങ്ങനെയാകും സമ്പാദ്യം. ഒട്ടും സാങ്കേതികത്തികവില്ലാത്ത ബാറ്ററാണ് അഭിഷേക്. ഇത് തന്‍റെ സത്യസന്ധമായ അഭിപ്രായമാണെന്നും ആമിർ പറഞ്ഞു.

അഭിഷേകിനെ എളുപ്പത്തില്‍ പുറത്താക്കാാവുമെന്നും ആമിർ പറഞ്ഞു. ഡീപ് കവർ പൊസിഷനിൽ ഫീൽഡറെ നിർത്തി ബോഡിയിലേക്ക് പന്തെറിയുകയോ സ്ലോവർ ബോളുകൾ പരീക്ഷിക്കുകയോ ചെയ്താൽ അഭിഷേക് കുടുങ്ങുമെന്നാണ് ആമിർ പറയുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യക്കായി തകർപ്പൻ ഫോമിലാണ് അഭിഷേക്. 200 സ്ട്രൈക്ക് റേറ്റിൽ 1,297 റൺസാണ് അഭിഷേക് ഇന്ത്യൻ കുപ്പായത്തില്‍ അടിച്ചുകൂട്ടിയത്. നിലവിൽ ഐസിസി റാങ്കിംഗില്‍ ഒന്നാം നമ്പർ ബാറ്റർ കൂടിയാണ് അഭിഷേക്.

Scroll to load tweet…

ബൗളർമാർ തനിക്കെതിരെ സ്ലോവർ ബോളുകൾ പ്രയോഗിക്കുമെന്ന് തനിക്കറിയാമെന്ന് അഭിഷേക് നേരത്തെ വ്യക്തമാക്കിയിരുന്നു. ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്ക് പിന്നാലെ താരം പറഞ്ഞത് ഇങ്ങനെ. ലോകകപ്പിൽ ബൗളർമാർ എനിക്ക് കൂടുതൽ വേഗത നൽകില്ലെന്ന് എനിക്കറിയാം. കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ നിന്ന് എനിക്കത് ബോധ്യപ്പെട്ടു. അതിനാൽ അത്തരം സാഹചര്യങ്ങൾക്കായി ഞാൻ പരിശീലിക്കുന്നുണ്ടെന്നായിരുന്നു അഭിഷേകിന്‍റെ വാക്കുകള്‍. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അമേരിക്കക്കെതിരെ അഭിഷേക് ഗോള്‍ഡന്‍ ഡക്കായിരുന്നു. പിന്നാലെ കടുത്ത പനിയും വയറിലെ അണുബാധയും മൂലം അഭിഷേകിന് നമീബിയക്കെതിരായ മത്സരത്തില്‍ കളിക്കാനായിരുന്നില്ല. അഭിഷേകിന് പകരം മലയാളി താരം സഞ്ജു സാംസണാണ് നമീബിയക്കെതരെ ഓപ്പണ്‍ ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക