
മുംബൈ: ലോകകപ്പില്‍ ഇന്ത്യന്‍ പേസര്‍മാര്‍ വിക്കറ്റ് വേട്ട തുടരുമ്പോള്‍ വിചിത്രമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ മുൻ താരം ഹസന്‍ റാസ. ലോകകപ്പില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അധിക ആനുകൂല്യം കിട്ടുന്ന രീതിയിലുള്ള പ്രത്യേക പന്തുകള്‍ ഐസിസിയും ബിസിസിഐയും നല്‍കിയിട്ടുണ്ടെന്നും ഇതുകൊണ്ടാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റ് വേട്ട നടത്തുന്നതെന്നും ഹസന്‍ റാസ പാക് ടെലിവിഷന്‍ ചാനലായ എബിഎന്‍ ന്യൂസിലെ ചര്‍ച്ചയില്‍ ആരോപിച്ചു.
സീം-സ്വിംഗ് മൂവ്മെന്‍റ് കിട്ടാനായാണ് ഇന്ത്യക്ക് മാത്രം ബിസിസിഐയും ഐസിസിയും പ്രത്യേക പന്തുകള്‍ നല്‍കുന്നതെന്നും ഹസന്‍ റാസ പറഞ്ഞു. 1996 മുതല്‍ 2005വരെയുള്ള കാലയളവില്‍ പാകിസ്ഥാന്‍ കുപ്പായത്തില്‍ ഏഴ് ടെസ്റ്റും 16 ഏകദിനങ്ങളും കളിച്ച താരമാണ് റാസ.
ശുഭ്മാന്‍ ഗില്ലിനുനേരെ സാറാ...സാറാ.. വിളികളുമായി ആരാധകര്‍, ഇടപെട്ട് കോലി; വാംഖഡെയില്‍ പിന്നെ നടന്നത്
ലോകകപ്പില്‍ മത്സരഫലങ്ങള്‍ ഇന്ത്യക്ക് അനുകൂലമാക്കാന്‍ എന്തെങ്കിലും കള്ളക്കളി നടത്തുന്നുണ്ടോ എന്ന ടെലിവിഷന്‍ അവതാരകന്‍റെ ചോദ്യത്തിന് മറുപടിയായാണ് ഹസന്‍ റാസ വിചിത്രമായ ആരോപണം ഉന്നയിച്ചത്. ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിയുമ്പോള്‍ മാത്രം എങ്ങനെയാണ് ഇത്രയും സ്വിംഗും സീമും ലഭിക്കുന്നതെന്ന അവതാരകന്‍റെ ചോദ്യത്തിന് ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന പന്ത് പരിശോധിക്കണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ഹസന്‍ റാസ പറഞ്ഞു.
ഇന്ത്യ ബൗള്‍ ചെയ്യാനിറങ്ങുമ്പോള്‍ നല്‍കുന്ന പന്ത് ആരാണ് നല്‍കുന്നത്, ഐസിസി ആണോ ബിസിസിഐ ആണോ എന്ന് അന്വേഷിക്കണം. അതെന്തായാലും ഇന്ത്യ പന്തെറിയാന്‍ വരുമ്പോള്‍ പന്ത് മാറ്റുന്നുണ്ട്. ഐസിസിയോ ബിസിസിഐയോ ആവും ഇത് ചെയ്യുന്നത്. അതുപോലെ തേര്‍ഡ് അമ്പയര്‍ മത്സരങ്ങളില്‍ ഇന്ത്യക്ക് അനുകൂലമായാണ് തീരുമാനമെടുക്കുന്നതെന്നും ഹസന്‍ റാസ പറഞ്ഞു.
ലോകകപ്പില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര ഏഴ് കളികളില്‍ 15 വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് ഷമി മൂന്ന് കളികളില്‍ 14 വിക്കറ്റും മുഹമ്മദ് സിറാജ് ഏഴ് കളികളില്‍ 9 വിക്കറ്റും നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക