ഒരു ഐസിസി കിരീടം പോലുമില്ല; കോലിയുടെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്ത് മുന്‍ പാകിസ്ഥാന്‍ താരം

By Web TeamFirst Published Jun 27, 2021, 9:58 PM IST
Highlights

കോലിക്ക് കീഴില്‍ ദീര്‍ഘകാലമായി കളിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും ഇതുവരെ ഐപിഎല്‍ കിരീടം നേടാനായിട്ടില്ല. ഇപ്പോള്‍ കോലിയുടെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുയാണ് മുന്‍ പാകിസ്ഥാന്‍ താരം സല്‍മാന്‍ ബട്ട്.
 

ഇസ്ലാമാബാദ്: ഒരു ഐസിസി ട്രോഫി പോലും സ്വന്തമാക്കാന്‍ കഴിയാത്ത ക്യാപറ്റനാണ് വിരാട് കോലി. കോലിക്ക് കീഴില്‍ 2019 ഏകദിന ലോകകപ്പിന്റെ സെമിയില്‍ ഇന്ത്യ പുറത്തായിരുന്നു. 2017 ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഫൈനലില്‍ പാകിസ്ഥാനോടും പരാജയപ്പെട്ടു. ഇപ്പോള്‍ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനോടും ഇന്ത്യ പരാജയപ്പെട്ടു. കോലിക്ക് കീഴില്‍ ദീര്‍ഘകാലമായി കളിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും ഇതുവരെ ഐപിഎല്‍ കിരീടം നേടാനായിട്ടില്ല. ഇപ്പോള്‍ കോലിയുടെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുയാണ് മുന്‍ പാകിസ്ഥാന്‍ താരം സല്‍മാന്‍ ബട്ട്.

കോലിയുടെ ക്യാപ്റ്റന്‍സിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സമയത്ത് തന്നെയാണ് ബട്ടും രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍...''ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ സമയത്ത് പലരും പറഞ്ഞിരുന്നു ഐസും തീയും തമ്മിലുള്ള മത്സരമാണെന്ന്. കോലിയുടെ ക്യാപ്റ്റന്‍സിയെ തീയെന്നാണ് പലരും വിശേഷിപ്പിച്ചത്. ശാന്തനായ കെയ്ന്‍ വില്യംസണിന്റെ ക്യാപ്റ്റന്‍സിയെ ഐസ് എന്നും പലരും പറഞ്ഞു. വില്യംസണാണ് കിരീടം ഉയര്‍ത്തിയത്. കിരീടങ്ങള്‍ നേടിയിട്ടുള്ള നായകരില്‍ മിക്കവരും സമ്മര്‍ദ്ദഘട്ടത്തില്‍ ശാന്തനായി സമചിത്തതയോടെ നിന്നിട്ടുള്ളവരാണ്. ശരീരഭാഷയിലൂടെ അവര്‍ ഒന്നുംതന്നെ പുറത്തേക്ക് കാണിക്കില്ല.

കോലിക്ക് ഒരു മികച്ച ക്യാപ്റ്റനായിരിക്കും. അയാളുടെ മനസില്‍ ഒരുപാട് പദ്ധതികള്‍ കാണും. എന്നാല്‍ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ എല്ലാവരുടെയും പിന്തുണ വേണം. നിങ്ങളുടെ മനസിലുള്ള പദ്ധതികള്‍ അതേപടി നടപ്പിലാക്കാന്‍ ബൗളര്‍ക്ക് കഴിയണമെന്നില്ല. ഭാഗ്യവും തുണയ്ക്കണം. എന്നാല്‍ കിരീട നേട്ടങ്ങളില്ലെങ്കില്‍ ആളുകള്‍ നിങ്ങളെ ഓര്‍ക്കില്ല. ടൂര്‍ണമെന്റുകള്‍ ജയിക്കുന്നവരെ മാത്രമേ ആളുകള്‍ ഓര്‍ത്തുവെക്കുകയുള്ളു.

മറ്റു ചിലപ്പോള്‍ നിങ്ങളുടെ ടീം മികച്ചതായിരിക്കും. എന്നാല്‍ ക്യാപ്റ്റന്‍ അത്രത്തോളം മികച്ചതായിരിക്കണമെന്നില്ല. എങ്കിലും ടീമിന്റെ കരുത്തിലൂടെ കൂടുതല്‍ കിരീടങ്ങളിലേക്ക് എത്താനായേക്കും. എന്നാല്‍ അവിടെ ഒരു ക്യാപ്റ്റനെ അടയാളപ്പെടുത്താനാവില്ല. മികച്ച ക്യാപ്റ്റനെന്നാല്‍ വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കുന്നവനാണ്.'' സല്‍മാന്‍ ബട്ട് വ്യക്തമാക്കി.

സതാംപ്ടണില്‍ നടന്ന ഫൈനലില്‍ എട്ട് വിക്കറ്റിനായിരന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യന്‍ നിരയില്‍ ഒരു താരത്തിന് പോലും അര്‍ധ സെഞ്ചുറി നേടാന്‍ കഴിഞ്ഞിരുന്നില്ല. നാല് വിക്കറ്റ് നേടിയിരുന്ന മുഹമ്മദ് ഷമി മാത്രമാണ് ബൗളര്‍മാരില്‍ തിളങ്ങിയത്.

click me!