ആ രണ്ട് പേര്‍ വേണമായിരുന്നു; കിവീസിനെതിരായ ഫൈനലില്‍ ഇന്ത്യക്ക് സംഭവിച്ച തെറ്റ് ചൂണ്ടിക്കാണിച്ച് മുന്‍ താരം

By Web TeamFirst Published Jun 27, 2021, 7:07 PM IST
Highlights

ടീം സെലക്ഷനിലെ പാളിച്ചയാണ് പലരും കാരണമായി പറയുന്നത്. മുന്‍ ഇന്ത്യന്‍ സ്പിന്നറും സെക്റ്ററുമായിരുന്ന ശരണ്‍ദീപ് സിംഗിനും ഇതേ അഭിപ്രായമാണ്.

ദില്ലി: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനോട് പാരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും രൂക്ഷവിമര്‍ശനം തുടരുകയാണ്. ടീം സെലക്ഷനിലെ പാളിച്ചയാണ് പലരും കാരണമായി പറയുന്നത്. മുന്‍ ഇന്ത്യന്‍ സ്പിന്നറും സെക്റ്ററുമായിരുന്ന ശരണ്‍ദീപ് സിംഗിനും ഇതേ അഭിപ്രായമാണ്.

രണ്ട് പേസര്‍മാരെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ ടീം വിട്ടുപോയെന്ന്് അദ്ദേഹം. അവരുടെ പേരെടുത്ത് പറഞ്ഞാണ് ശരണ്‍ദീപ് സംസാരിച്ചത്. ''ഇന്ത്യയുടെ ഏറ്റവും മികച്ച സ്വിങ് ബൗളറായ ഭുവനേശ്വര്‍ കുമാറിനെ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നു. അദ്ദേഹത്തിന്റെ സേവനം നഷ്ടമായി. മാത്രമല്ല, ഷാര്‍ദുള്‍ താക്കൂറിനെ പ്ലയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താതും വിനയായി. ഫൈനില്‍ ആരംഭിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ് തന്നെ രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തി ഇന്ത്യ പ്ലയിംഗ് ഇലവന്‍ പ്രഖ്യാപിച്ചിരുന്നു. സാധാരണനിലയില്‍ മികച്ച ഇലവനാണത്. എന്നാല്‍ ആദ്യദിവസത്തെ മഴയ്ക്ക് ശേഷം സാഹചര്യം പേസര്‍മാര്‍ക്ക് അനുകൂലമായി മാറിയിരുന്നു. 

ബാറ്റ് ചെയ്യാന്‍ കഴിയുമെന്നുള്ള ആനുകൂല്യമാണ് സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയ്ക്കും ആര്‍ അശ്വിനും തുണയായത്. നന്നായി ബാറ്റ് ചെയ്യുന്ന ഏക പേസര്‍ ഷാര്‍ദുള്‍ താക്കൂറായിരുന്നു. അദ്ദേഹത്തെ 15 അംഗ സ്‌ക്വാഡില്‍ പോലും ഉള്‍പ്പെടുത്താതിരുന്നത് അനാദരവാണ്. ഭുവിയെ ടീമില്‍ പോലും ഉള്‍പ്പെടുത്താത് വലിയ തെറ്റാണ്. ഇന്ത്യയുടെ ഏറ്റവും മികച്ച സ്വിങ് ബൗളറാണ് അദ്ദേഹം.'' ശരണ്‍ദീപ് പറഞ്ഞു. 

ബാറ്റിംഗ് നിരയെ കുറിച്ചും അദ്ദേഹം വാചാലനായി. ''ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇംഗ്ലണ്ടിനെിരെ നാട്ടില്‍ നടന്ന പരമ്പരില്‍ മോശം ഫോമിലായിരുന്നു. എന്നാല്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹത്തിന് മികച്ച തുടക്കം ലഭിച്ചു. എന്നാല്‍ മുതലാക്കാനായില്ല. ഗില്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം. ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ എന്നിവരുടെ അമിത പ്രതിരോധം ശരിയല്ല. ഒരു പരിധി വിട്ടുകഴിഞ്ഞാല്‍ തങ്ങളുടെ വലയത്തില്‍ നിന്ന് പുറത്തുകടക്കാന്‍ താരങ്ങള്‍ ശ്രമിക്കണം.''ശരണ്‍ദീപ് പറഞ്ഞുനിര്‍ത്തി.

ഫൈനലില്‍ ആരാധകരെ നിരാശപ്പെടുത്തുന്ന തോല്‍വിയായിരുന്നു ഇന്ത്യയുടേത്. ഫൈനലിനിറങ്ങുമ്പോള്‍ ഫേവറൈറ്റേ്‌സ് ആയിരുന്നു ഇന്ത്യ. എന്നാല്‍ കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന കിവീസിനോട് എട്ട് വിക്കറ്റിന് തോല്‍ക്കായിരുന്നു വിധി.

click me!