
ലാഹോര്‍: ഐസിസി ഏകദിന ലോകകപ്പ് പങ്കാളിത്തം സംബന്ധിച്ച് പാകിസ്ഥാന്‍റെ നാടകീയത തുടരുന്നതിനിടെ പാക് ബോര്‍ഡിനെതിരെ തുറന്നടിച്ച് മുന്‍ താരം ബാസിത് അലി. അഹമ്മദാബാദില്‍ കളിക്കാന്‍ പാകിസ്ഥാന്‍ സന്നദ്ധമാകണമെന്നും സമ്മര്‍ദം ടീം ഇന്ത്യക്ക് മുകളിലായിരിക്കും എന്നും ബാസിത് പറഞ്ഞു.
'അഹമ്മദാബാദിലും മറ്റൊരു വേദിയിലും പാകിസ്ഥാന്‍ കളിക്കാന്‍ തയ്യാറായേക്കില്ല എന്നൊരു വാര്‍ത്ത കേള്‍ക്കുന്നുണ്ട്. എന്തുകൊണ്ട് പാകിസ്ഥാന്‍ കളിക്കുന്നില്ല. ഐസിസി ലോകകപ്പിന്‍റെ മത്സരക്രമം പാകിസ്ഥാന് വലിയ മുന്‍തൂക്കം നല്‍കുന്നതാണ്. അഹമ്മദാബാദില്‍ ഒന്നേകാല്‍ ലക്ഷം കാണികള്‍ മത്സരം കാണാന്‍ എത്തിയാല്‍ സമ്മര്‍ദം ഇന്ത്യന്‍ ടീമിന് മുകളിലാവും. പാകിസ്ഥാന് മേല്‍ സമ്മര്‍ദം വരില്ല. ഇന്ത്യന്‍ ടീം ഏഷ്യാ കപ്പ് കളിക്കാനായി പാകിസ്ഥാനിലേക്ക് വന്നാല്‍ സമ്മര്‍ദം പാക് ടീമിന് മുകളിലായിരിക്കും. ഈ ലളിതമായ കാര്യം ആളുകള്‍ക്ക് എന്തുകൊണ്ട് മനസിലാകുന്നില്ല എന്നറിയില്ല. അഫ്‌ഗാനിസ്ഥാന്‍ ദുര്‍ബലരായ ടീമാണ്. തീര്‍ച്ചയായും അവര്‍ക്ക് മികച്ച സ്‌പിന്നര്‍മാരുണ്ട്. എന്തുതന്നെയായാലും മത്സരക്രമം പുറത്തുവിട്ട് കഴിഞ്ഞാല്‍ കളിക്കുകയാണ് വേണ്ടത്. ഇന്ത്യയില്‍ ലോകകപ്പ് കളിക്കാന്‍ പാകിസ്ഥാന് അനുമതിയുടെ പ്രശ്‌നമുണ്ട് എന്നത് വിഡ്ഢിത്തമാണ്. ഇതൊരു ലോക്കല്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റല്ല, വാശിയേറിയ ലോകകപ്പാണ്' എന്നും ബാസിത് അലി വ്യക്തമാക്കി.
ഏകദിന ലോകകപ്പില്‍ ഒക്ടോബര്‍ 15നാണ് ഇന്ത്യ-പാകിസ്ഥാന്‍ ആവേശ മത്സരം നടക്കേണ്ടത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ചാണ് ഈ മത്സരം. മത്സരത്തിന് മൂന്നര മാസം ബാക്കിനില്‍ക്കേ ഇവിടുത്തെ ഹോട്ടല്‍ റൂമുകളെല്ലാം ബുക്ക് ചെയ്തുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം അഹമ്മദാബാദില്‍ നിന്ന് മത്സരം മാറ്റണമെന്ന് ആവശ്യം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ ഉന്നയിച്ചിരുന്നു. മുംബൈയില്‍ കളിക്കാനാവില്ല എന്ന നിലപാടും പാകിസ്ഥാനുണ്ട്. ലോകകപ്പിന് മുന്നോടിയായുള്ള ഔദ്യോഗിക സന്നാഹമത്സരത്തില്‍ എതിരാളിയായി അഫ്‌ഗാനിസ്ഥാന്‍ വേണ്ട എന്നും പാകിസ്ഥാന്‍ പറഞ്ഞിരുന്നു. ഈ വിവാദത്തിനിടെയാണ് ബാസിത് അലി തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം