
ദില്ലി: ഇന്ത്യയെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതികരണവുമായി പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ്. സങ്കടവും ഹൃദയഭേദകവുമായ (Sad & heartbroken) നിമിഷം എന്നാണ് #PahalgamTerroristAttack എന്ന ഹാഷ്‌ടാഗ് സഹിതം ഹഫീസ് എക്‌സില്‍ കുറിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചും ഇന്ത്യ ശക്തമായി തിരിച്ചടിക്കണമെന്ന് വ്യക്തമാക്കിയും നിരവധി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യ തിരിച്ചടിക്കും, ഉത്തരവാദികളായവർ വലിയ വില കൊടുക്കേണ്ടിവരും എന്നുമായിരുന്നു മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്‍റെ ശക്തമായ വാക്കുകള്‍. പഹല്‍ഗാം ഭീകരാക്രമണത്തെ വിരാട് കോലി, ശുഭ്മാൻ ഗിൽ, പാർത്ഥിവ് പട്ടേൽ, ആകാശ് ചോപ്ര, മനോജ് തിവാരി, യുവരാജ് സിംഗ്, ഇഷാന്ത് ശർമ, ഇർഫാൻ പത്താൻ, സുരേഷ് റെയ്ന തുടങ്ങി നിരവധി ക്രിക്കറ്റ് താരങ്ങൾ അപലപിച്ചു. ഭീകരാക്രമണത്തില്‍ ഇരകളായവര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
പഹൽഗാം ഭീകരാക്രമണത്തില്‍ അതീവ ദു:ഖിതനാണ് താനെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലി പറഞ്ഞു. പഹൽഗാമില്‍ നിരപരാധികളാണ് ആക്രമിക്കപ്പെട്ടത്. ഇരകളുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. മരിച്ചവരുടെ ആശ്രിതര്‍ക്ക് സമാധാനവും ശക്തിയും നൽകണമെന്ന് പ്രാര്‍ഥിക്കുന്നുവെന്നും ഈ ക്രൂരകൃത്യത്തിന് അര്‍ഹമായ നീതി ലഭിക്കണമെന്നും കോലി വ്യക്തമാക്കി.
രാജ്യത്തെ നടുക്കിയ ഭീകരാക്രമണം
ഇന്നലെ, ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്ര യിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് ഒരാൾ, കേരളത്തിൽ നിന്ന് ഒരാൾ, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയിൽ ഉള്ളത്.
പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും കൊല്ലപ്പെട്ടിരുന്നു. ഒരു നേപ്പാൾ സ്വദേശിയും യുഎഇ പൗരത്വമുള്ള ഇന്ത്യൻ വംശജനും കൊല്ലപ്പെട്ടവരിലുണ്ട്. പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലാണ്. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി സന്ദർശനം വെട്ടിച്ചുരുക്കി ഇന്ന് രാവിലെ ഇന്ത്യയിൽ മടങ്ങിയെത്തിയിരുന്നു.
Read more: 'ഭീകരതയ്ക്ക് ഈ മണ്ണിൽ സ്ഥാനമില്ല'; ഉചിതമായ മറുപടി നൽകണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം