ഞങ്ങള്‍ക്കൊരു ഹാര്‍ദിക് പാണ്ഡ്യയില്ല! ഏഷ്യാ കപ്പിന് മുമ്പ് നിരാശ പങ്കുവച്ച് മുന്‍ പാകിസ്ഥാന്‍ താരം

By Web TeamFirst Published Aug 14, 2022, 11:48 PM IST
Highlights

ഇരുവരും നേര്‍ക്കുനേര്‍ വരാനിരിക്കെ ഇരു ടീമുകളുടേയും ശക്തി ദൗര്‍ബല്യങ്ങള്‍ വിലയിരുത്തുകയാണ് മുന്‍ പാക് താരം അക്വിബ് ജാവേദ്. ഇന്ത്യയുടെ മധ്യനിര കരുത്തുറ്റതാണെന്നാണ് ജാവേദ് പറയുന്നത്.

ഇസ്ലാമാബാദ്: ഏഷ്യാ കപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഓഗസ്റ്റ് 27ന് ദുബായിലാണ് ഏഷ്യ കപ്പ് തുടങ്ങുന്നത്. 28ന് പാക്കിസ്ഥാനെതിരെയാണ് ടീം ഇന്ത്യയുടെ ആദ്യ മത്സരം. ടി20 ലോകകപ്പിന് ശേഷം ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീപ്പാറുമെന്നുറപ്പ്. ഇന്ത്യക്ക് ലോകകപ്പിലേറ്റ് അടിക്ക് തിരിച്ചടി നല്‍കാനുണ്ട്. അന്ന് പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ആ തോല്‍വി ഇന്ത്യയുടെ പുറത്താകലിന് വഴിവെക്കുകയും ചെയ്തു.

ഇരുവരും നേര്‍ക്കുനേര്‍ വരാനിരിക്കെ ഇരു ടീമുകളുടേയും ശക്തി ദൗര്‍ബല്യങ്ങള്‍ വിലയിരുത്തുകയാണ് മുന്‍ പാക് താരം അക്വിബ് ജാവേദ്. ഇന്ത്യയുടെ മധ്യനിര കരുത്തുറ്റതാണെന്നാണ് ജാവേദ് പറയുന്നത്. '' ഹാര്‍ദിക് പാണ്ഡ്യയെ പോലെയുള്ള ഒരു താരം പാകിസ്ഥാന്‍ ടീമിലില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതുതന്നെയാണ്. മധ്യനിരയിലേക്കെത്തുമ്പോള്‍ ഇന്ത്യയാണ് കൂടുതല്‍ കരുത്തര്‍. ഹാര്‍ദിക് മത്സരഫലത്തെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ള താരമാണ്.'' അദ്ദേഹം വിലയിരുത്തി. 

മുന്‍നിര താരങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ''ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിളങ്ങിയാല്‍ ഒറ്റയ്ക്ക് മത്സരം വരുതിയാലാക്കാന്‍ സാധിക്കും. അതിനുള്ള മറുപടി പാകിസ്ഥാന്‍ ടീമിലുമുണ്ട്. ഫഖര്‍ സമാന്‍ അത്തരത്തിലുള്ളൊരു താരമാണ്. എന്നാല്‍ ഇന്ത്യയുടെ ബാറ്റിങ് ലൈനപ് കൂടുതല്‍ പരിചയസമ്പന്നമാണ്.'' ജാവേദ് പറഞ്ഞു.

നേരത്തെ, മുന്‍ പാകിസ്ഥാന്‍ താരം സല്‍മാന്‍ ബട്ടും ഇന്ത്യന്‍ ടീമിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ റൊട്ടേഷന്‍ പോളിസിയെയാണ് ബട്ട് പറഞ്ഞത്. റൊട്ടേഷന്‍ പോളിസി നടപ്പാക്കിയതിലൂടെ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം ലഭിച്ചെന്നും ബഞ്ച് കരുത്ത് കൂടിയെന്നും ബട്ട് വ്യക്തമാക്കി. 

ഇന്ത്യന്‍ ടീം:  രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്ക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്വേന്ദ്ര ചെഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍.

click me!