എടുത്തതെല്ലാം മണ്ടന്‍ തീരുമാനങ്ങള്‍! പാക് നായകന്‍ ബാബര്‍ അസമിനെ നിലത്ത് നിര്‍ത്താതെ മുന്‍ താരം

By Web TeamFirst Published Nov 14, 2022, 3:05 PM IST
Highlights

ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റതിന് പിന്നാലെ പാകിസ്ഥാനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍താരം ഡാനിഷ് കനേരിയ. ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍സിയാണ് ടീമിനെ തോല്‍പ്പിച്ചതെന്നാണ് കനേരിയ പറയുന്നത്.

കറാച്ചി: ടി20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റതിന് പിന്നാലെ പാകിസ്ഥാനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍താരം ഡാനിഷ് കനേരിയ. ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍സിയാണ് ടീമിനെ തോല്‍പ്പിച്ചതെന്നാണ് കനേരിയ പറയുന്നത്. ബാബറിനെതിരെ വിമര്‍ശനങ്ങളുടെ കെട്ടഴിച്ചിരിക്കുകയാണ് കനേരിയ. പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 19 ഓവറില്‍ ലക്ഷ്യം മറികടന്നു.

പിന്നാലെയാണ് കനേരിയ വിമര്‍ശനം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ബാബര്‍ ഒരു മികച്ച ക്യാപ്റ്റനായി എനിക്ക് തോന്നിയിട്ടില്ല. ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ അദ്ദേഹത്തിന് പിഴവുകള്‍ സംഭവിച്ചു. നായകനാവാനുള്ള കരുത്ത്  ബാബറിനില്ല. ഫൈനലില്‍ സ്പിന്നര്‍ മുഹമ്മദ് നവാസിനെക്കൊണ്ട് ഒരോവര്‍ പോലും ബൗള്‍ ചെയ്യിപ്പിച്ചില്ല. ഇംഗ്ലണ്ടിന് തുടക്കത്തില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ കൂടുതല്‍ പ്രതിരോധത്തിലാക്കാനാണ് ശ്രമിക്കേണ്ടിയിരിന്നത്. ആ സമയം നവാസിന് ഓവര്‍ നല്‍കണമായിരുന്നു. തല്ലു കിട്ടുമെന്ന് ഭയന്നിട്ടാണോ പന്ത് നല്‍കാതിരുന്നതെന്ന സംശയമുണ്ട്.'' കനേരിയ തുറന്നടിച്ചു.

''ടി20യില്‍ ബാബര്‍ ഒരിക്കലും ടീമിനെ നയിക്കരുത്. ക്യാപ്റ്റന്മാര്‍ ധീരന്മാരായിരിക്കണം. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ പേടിയൊന്നുമില്ലാതെയായാണ് ടീമിനെ നയിച്ചത്. വരുംകാലങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യയും അത്തരത്തില്‍ ഒരു ക്യാപ്റ്റനായിരിക്കും. വിരാട് കോലിയും ഈ ഗണത്തില്‍ ഉള്‍പ്പെടുന്ന ക്യാപ്റ്റനാണ്. ഇത്തരത്തില്‍ പേടിയില്ലാത്ത നായകനെയാണ് പാകിസ്ഥാനും വേണ്ടത്.'' കനേരിയ പറഞ്ഞു. ടി20 ക്രിക്കറ്റില്‍ ബാബര്‍ ഓപ്പണറായി ഇറങ്ങരുതെന്നും കനേരിയ വ്യക്തമാക്കി. ഈ രീതിയിലുള്ള സ്ലോ ബാറ്റിങ് വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹമില്ലെന്നാണ് കനേരിയ പറയുന്നത്.    

പാക്കിസ്ഥാന്‍ ഫൈനല്‍ കളിക്കാന്‍ യോഗ്യരായിരുന്നില്ലെന്ന് മുന്‍ പാക് താരം

138 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് മോശം തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയില്‍ തന്നെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. അലക്സ് ഹെയ്ല്‍സ് (1), ഫിലിപ് സാള്‍ട്ട് (10), ജോസ് ബട്ലര്‍ (26) എന്നിവരാണ് മടങ്ങിയത്. ഇതില്‍ രണ്ട് വിക്കറ്റുകളും ഹാരിസ് റൗഫിനായിരുന്നു. ഹെയ്ല്‍സിനെ ഷഹീന്‍ അഫ്രീദി ആദ്യ ഓവറില്‍ മടക്കി. എന്നാല്‍ ഹാരി ബ്രൂക്ക്- സ്റ്റോക്സ് സഖ്യം അഞ്ചാം വിക്കറ്റില്‍ 39 റണ്‍സ് കൂട്ടിചേര്‍ത്തു. ബ്രൂക്കിനെ ഷദാബ് ഖാന്‍ മടക്കി. നിര്‍ണായക സംഭാവന നല്‍കി മൊയീന്‍ അലി (19) വിജയത്തിനടുത്ത് വീണു. എന്നാല്‍ ലിയാം ലിവിസ്റ്റണിനെ (1) കൂട്ടുപിടിച്ച് 19-ാം ഓവറില്‍ ബെന്‍ സ്റ്റോക്സ് (52) വിജയം പൂര്‍ത്തിയാക്കി.

click me!