കൊവിഡ് ബാധിച്ച് മുന്‍ പാക് ക്രിക്കറ്റ് താരം മരിച്ചു

By Web TeamFirst Published Apr 14, 2020, 12:34 PM IST
Highlights
1988ല്‍ പെഷവാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ സര്‍ഫ്രാസ് 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 616 റണ്‍സ് നേടിയിട്ടുണ്ട്. ആറ് ഏകദിന മത്സരങ്ങളില്‍ നിന്ന് 96 റണ്‍സ് നേടിയിട്ടുള്ള സര്‍ഫ്രാസ് 1994ലാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
കറാച്ചി: കൊവിഡ് ബാധിച്ച് മുന്‍ പാക് ക്രിക്കറ്റ് താരം മരിച്ചു. മുന്‍ പാക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററായ സഫര്‍ സര്‍ഫ്രാസ് ആണ് മരിച്ചത്. 50 വയസായിരുന്നു. കൊവിഡ് ബാധിച്ച് കഴിഞ്ഞ മൂന്ന് ദിവസമായി പെഷവാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പാക്കിസ്ഥാനില്‍ കൊവിഡ്  ബാധിച്ച് മരിക്കുന്ന ആദ്യ പ്രഫഷണല്‍ ക്രിക്കറ്ററാണ് സര്‍ഫ്രാസ്.

1988ല്‍ പെഷവാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ സര്‍ഫ്രാസ് 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 616 റണ്‍സ് നേടിയിട്ടുണ്ട്. ആറ് ഏകദിന മത്സരങ്ങളില്‍ നിന്ന് 96 റണ്‍സ് നേടിയിട്ടുള്ള സര്‍ഫ്രാസ് 1994ലാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം പരിശീലകനായ സര്‍ഫ്രാസ് പെഷവാര്‍ സീനിയര്‍ ടീമിനെയും അണ്ടര്‍ 19 ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. 

പാക്കിസ്ഥാനുവേണ്ടി കളിച്ചിട്ടുള്ള അക്തര്‍ സര്‍ഫ്രാസിന്റെ സഹോദരന്‍ കൂടിയാണ് സഫര്‍ സര്‍ഫ്രാസ്. പത്തുമാസം മുമ്പാണ് അക്തര്‍ സര്‍ഫ്രാസ്  ക്യാന്‍സര്‍ ബാധിച്ച് മരിച്ചത്. പാക്കിസ്ഥാനില്‍ ഇതുവരെ 5500 കൊവിഡ് രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. ഇതില്‍ 744 എണ്ണവും പെഷവാറില്‍ നിന്നാണ്. നൂറോളം പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് പാക്കിസ്ഥാനില്‍ മരിച്ചത്.
click me!